സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോടിന് കിരീടം

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോടിന് കിരീടം. മലപ്പുറത്ത് നടന്ന ഫൈനലില്‍ ഷൂട്ടൗട്ടിലായിരുന്നു കാസര്‍കോഡിന്റെ വിജയം. 4 -2നാണ് എതിരാളികളായ കോട്ടയത്തെ തോല്‍പ്പിച്ചത്. കളിയുടെ 47-ാം മിനിട്ടില്‍ കോട്ടയമാണ് ആദ്യ ഗോള്‍ നേടിയത്.കോട്ടയത്തിന്റെ ക്യാപ്റ്റന്‍ കെ സല്‍മാന്റെ ഹെഡറിലുടെ കോട്ടയം മുന്നിലെത്തി. എന്നാല്‍ 67-ാം മിനിട്ടില്‍ കാസര്‍ഗോഡിന് ലഭിച്ച ഫ്രീകിക്ക് ചാന്‍സ് ഗോളാക്കുകയായിരുന്നു. കാസര്‍ഗോഡിന്റെ ക്യാപ്റ്റന്‍ പ്രവീണ്‍കുമാര്‍ നല്‍കിയ പാസ് മുഹമ്മദ് നൗഫല്‍ ഹെഡറിലൂടെ ഗോളാക്കി. കളിയുടെ ആദ്യ പാതി തീരുന്നതിന് മുമ്പ് കാസര്‍ഗോഡിന്റെ എം നജേഷിന് റെഡ് കാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് രണ്ടാം പാതിയില്‍ 10 പേരുമായാണ് കാസര്‍ഗോഡ് കളിച്ചത്.

അവസാനമായി കാസര്‍കോഡ് ചാമ്പ്യന്‍മാരായത് 2013ലാണ്. കഴിഞ്ഞ തവണ സെമിയില്‍ കോട്ടയത്തോട് തോറ്റതിന്റെ മധുര പ്രതികാരം കൂടിയാണ് ഈ വിജയം. ലൂസേഴ്‌സ് ഫൈനലില്‍ മലപ്പുറത്തിന് ആശ്വാസ ജയം. തൃശൂരിനെ 3-1 ന് പരാജയപ്പെടുത്തിയാണ് മലപ്പുറം നാട്ടുകാരുടെ മുന്നില്‍ അഭിമാനം കാത്തത്. കഴിഞ്ഞ തവണ കിരീടം ചൂടിയ മലപ്പുറത്തിന് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. കളി ആരംഭിച്ചത് മുതല്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചു.

പത്താം മിനുട്ടില്‍ തൃശൂരിന്റെ പ്രതിരോധ കോട്ട തകര്‍ത്ത് മലപ്പുറത്തിന്റെ ശമീല്‍ വല കുലുക്കി. എന്നാല്‍ പത്ത് മിനിട്ട് കഴിഞ്ഞതിന് ശേഷം തൃശൂര്‍ തിരിച്ചടിച്ചു. 21 മിനുട്ടില്‍ തൃശൂരിന്റെ റഫീഖ് ഗോളടിച്ച് സമനില പിടിച്ചു. പിന്നീട് ആവേശം നിറഞ്ഞ മത്സരമായിരുന്നു. ഇരു ടീമുകളും ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. എന്നാല്‍ 46 മിനുറ്റിലെ സെല്‍ഫ് ഗോളാണ് തൃശൂരിന് വിനയായത്. തൃശൂരിന്റെ സ്വന്തം പോസ്റ്റിലേക്ക് ഷാഹിദ് ഗോളടിച്ചു. ഇത് തൃശൂരിനെ കളിയില്‍ നിന്ന് പിന്നോട്ട് പോകനിടയായി. ഇതോടെ മലപ്പുറം 2- 1 ന് മുന്നിലായി.അമ്പതാം മിനുറ്റില്‍ മലപ്പുറത്തിന്റെ ജിഷ്ണു ബാലകൃഷ്ണന്‍ തൃശൂരിന്റെ വല കുലുക്കി ആധിപത്യമുറപ്പിച്ചു. അവസരങ്ങള്‍ ഇരു ടീമുകള്‍ക്ക് ലഭിച്ചിരുന്നെങ്കിലും അതെല്ലാം പാഴാക്കി. മലപ്പുറത്തിന്റെ അജ്മലുദ്ദീനാണ് കളിയിലെ കേമന്‍.

Leave a Reply

Your email address will not be published. Required fields are marked *