കയ്യേറ്റം കണ്ടുപിടിക്കാന്‍ വരണമെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല: തോമസ് ചാണ്ടി

ആലപ്പുഴ: താന്‍ കായല്‍ കയ്യേറ്റം നടത്തിയെന്നു പറയുന്നവര്‍ അതു കണ്ടെത്താന്‍ എത്തണമെന്ന തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാജാഗ്രത യാത്രയ്ക്ക് ആലപ്പുഴ പൂപ്പള്ളിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തവേയാണ് തോമസ് ചാണ്ടിയുടെ വെല്ലുവിളി.

 

ഒരു പ്രമുഖ ചാനലിലെ പ്രമുഖന്റെ പിതാവിന്റെ സഹോദരനെ കെ.എസ്.ആര്‍.ടി.സി കൗണ്‍സില്‍ സ്ഥാനത്തുനിന്ന് നീക്കിയതാണ് തനിക്കെതിരായ നീക്കത്തിനു പിന്നില്‍. തന്നെ പാഠം പഠിപ്പിക്കുമെന്ന് അവര്‍ അന്നു പറഞ്ഞു. താന്‍ ഇപ്പോള്‍ പാഠം പഠിച്ചുകൊണ്ടിരിക്കുകയാണ്. തനിക്കു മുന്‍പുണ്ടായിരുന്ന ഏ.കെ ശശീന്ദ്രന്‍ നിയമിച്ച കൗണ്‍സിലിനെ താന്‍ അധികാരമേറ്റ ആഴ്ചയില്‍ താന്‍ പോലുമറിയാതെ അന്നത്തെ എം.ഡി രാജമാണിക്യം നീക്കുകയും യു.ഡി.എഫ് നിയമിച്ച ആളെ തിരിച്ചുകൊണ്ടുവരികയും ചെയ്തു. താന്‍ മനസാ വാചാ അറിയാത്ത കാര്യത്തിലാണ് തന്നെ പാഠം പഠിപ്പിക്കുന്നത്.

മാര്‍ത്താണ്ഡം കായലും വേമ്ബനാട് കായലും തിരിച്ചറിയാന്‍ കഴിയാത്ത പാലക്കാട് നിന്നുള്ള കൊച്ചനാണ് തനിക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. മാര്‍ത്താണ്ഡം കായല്‍ കൃഷി ചെയ്യാന്‍ 25 വര്‍ഷം മുന്‍പ് 600 കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കിയതാണ്. വേമ്ബനാട് കായല്‍ താന്‍ കയ്യേറിയെന്ന് പറയുന്നവര്‍ അത് കണ്ടെത്താന്‍ വരണമെന്ന് പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് അടക്കം ആരും ഈ വഴി വന്നില്ലെന്നും തോമസ് ചാണ്ടി പരിഹസിച്ചു. ഒരു അന്വേഷണ സംഘത്തിനും തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടി യോഗത്തില്‍ പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരായ നിലപാടില്‍ നിന്ന് സി.പി.ഐ ഏറെ പിന്നോട്ടുപോയി എന്നതിന്റെ സൂചനയാണ് ഇന്നത്തെ യോഗത്തില്‍ തോമസ് ചാണ്ടിയെ അധ്യക്ഷനായി പങ്കെടുപ്പിച്ചത്. എല്‍.ഡി.എഫിന്റെ പൂര്‍ണ്ണ പിന്തുണ തോമസ് ചാണ്ടിക്കു ഉണ്ടെന്ന സൂചനയുമാണ് ഇത് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *