പൊന്നാനി: കമ്പോഡിയയില്‍ നിന്നുള്ള മണലെന്ന വ്യാജേന കടല്‍ മണല്‍ കൊണ്ടുപോവുകയായിരുന്ന ലോറികള്‍ പൊന്നാനി പോലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ കപ്പേലവളപ്പില്‍ സ്വദേശികളായ മുല്ലശ്ശേരി വീട്ടില്‍ നിഥിന്‍ ( 25 ), പള്ളിയില്‍ വീട്ടില്‍ റൂഫേല്‍ (25 ) എന്നിവരെ അറസ്റ്റു ചെയ്തു. കമ്പോഡിയയില്‍ നിന്നും ഇറക്കുമതി ചെയ്ത മണല്‍ കൊണ്ടുപോവുന്നതിന് ആലപ്പുഴ ജിയോളജി നല്‍കിയ പാസ്സിന്റെ മറവിലാണ് കൊടുങ്ങല്ലൂരില്‍ നിന്നുള്ള മണല്‍ കടത്തി കൊണ്ടുപോയിരുന്നത്. തേപ്പിന്റെ സൗന്ദര്യം കൂട്ടാനാണ് കബോഡിയന്‍ മണല്‍ സാധാരണയായി ഉപയോഗിക്കുന്നത് .ഇതിന്റെ പേരില്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നതാകട്ടെ കൊടുങ്ങല്ലൂരില്‍ നിന്നുള്ള മണലും. ഇതു സംബന്ധിച്ച് പൊന്നാനി എസ്.ഐ. ഷിനോദ് നടത്തിയ അന്വേഷണത്തിലാണ് കാലങ്ങളായി നടന്നു വന്നിരുന്ന പകല്‍ കൊള്ളയുടെ വിവരങ്ങള്‍ വെളിവായത്. കൊടുങ്ങല്ലൂരില്‍ നിന്നും മണല്‍ നിറക്കുകയും ഏജന്റ്മാര്‍ എത്തിച്ചു നല്‍കുന്ന പാസ്സ് ഉപയോഗിച്ച് നിര്‍ഭയം മണല്‍ കടത്തുയായിരുന്നു ഇവര്‍. ഇത്തരത്തില്‍ ദിവസേന 20 ലോഡോളം മണല്‍ കടത്തിയിരുന്നതായി അറസ്റ്റിലായ ഡ്രൈവര്‍മാര്‍ പറഞ്ഞു.
കമ്പോഡിയന്‍ മണലെന്ന് പറഞ്ഞ് വര്‍ഷങ്ങളായി സംഘം ആവശ്യക്കാരെ പറ്റിക്കുകയായിരുന്നു. ലക്ഷങ്ങളാണ് ഇത് വഴി ഇവര്‍ തട്ടിയെടുത്തത്. കമ്പോഡിയയില്‍ നിന്നും കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കുന്ന മണല്‍ എത്തിക്കാനുള്ള പാസ് കൈക്കലാക്കിയാണ് ഈ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. കൊടുങ്ങല്ലൂരില്‍ നിന്നും കടല്‍ മണല്‍ എടുത്ത് ശുദ്ധീകരിച്ചാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. സംസ്ഥാനത്തെ മണല്‍ ക്ഷാമം രൂക്ഷമായതോടെയാണ് വിവിധ ഏജന്‍സികള്‍ കപ്പല്‍ മാര്‍ഗം കൊച്ചിയിലേക്ക് കമ്പോഡിയന്‍ മണല്‍ ഇറക്കു മതി ചെയ്യാന്‍ തൂടങ്ങിയത്. കൊടുങ്ങല്ലൂരിന് പുറമെ മറ്റു തീര പ്രദേശങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ കടല്‍ മണല്‍ എടുത്തിട്ടുണ്ടാകാമെന്നാണ് പോലിസ് പറയുന്നത്. സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.
