നിലമ്പൂര്‍: ജാലാറ്റിന്‍ സ്റ്റിക്‌സ് ഉള്‍പ്പെടെ വന്‍ സ്‌പോടക വസ്തു ശേഖരം പൊലിസ് പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് പല്ലശ്ശന സ്വദേശി പഴയക്കാവ് പയിട്ടുകാട് കൃഷ്ണന്‍ (42), പത്തപ്പിരിയം നെല്ലാണി സ്വദേശി ഓലിക്കല്‍ സന്തോഷ് (39), മൈസൂര്‍ നഞ്ചന്‍കോട് വെങ്കടാചലപുരം ഹെഡിയാല സ്വദേശി രാമചന്ദ്രന്‍ (35) എന്നിവരെയാണ് എടക്കര എസ്.ഐ മനോജ്് പറയറ്റയും സംഘവും അറസ്റ്റു ചെയ്തത്. രാവിലെ 7.30ഓടെ ചുങ്കത്തറ മുട്ടിക്കടവില്‍ വാഹന പരിശോധന നടത്തവെ കെ.എല്‍ 63 2700 നമ്പര്‍ കറുത്ത ബൊലേറോയില്‍ നിന്നാണ് വന്‍ സ്‌പോടക വസ്തു ശേഖരം പിടികൂടിയത്. 25 കിലോഗ്രാം ജലാറ്റിന്‍ സ്റ്റിക്കും (200 എണ്ണം) 650 ഡിറ്റനേറ്ററുകളും ( 150 ഇലക്ട്രിക് ) 200 മീറ്റര്‍ വ്യൂസ് വയറും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഇവകണ്ടെത്തിയത്. കര്‍ണ്ണാടകത്തിലേക്ക് കടത്തുന്നതിനു വേണ്ടിയാണ് സ്‌ഫോടക വസ്തു ശേഖരം കൊണ്ടുപോവുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. വെളളി മുറ്റത്തു ക്വാറി നടത്തിയിരുന്ന മുട്ടിക്കടവിലുള്ള ഷമീര്‍ എന്ന സക്കീര്‍ മുഖേനയാണ് സ്‌ഫോടക വസ്തു ശേഖരം സംഘടിപ്പിച്ചത് എന്നറിയുന്നു. സ്‌ഫോടകവസ്തു ശേഖരം എന്തിനു വേണ്ടിയാണ് കൊണ്ടു പോകുന്നത് എന്നും , എവിടെ നിന്നാണ് ലഭ്യമാവുന്നതെന്നും അന്വേഷിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എസ്.ഐക്കു പുറമെ അഡീഷണല്‍ എസ്‌ഐ ഹരിദാസ്, എഎസ്‌ഐ ജോസ്, സിപിഒമാരായ മുരളീകൃഷ്ണന്‍, ടോണി ജോസഫ്, പ്രതീഷ്, മുജീബ് എന്നിവരും റെയ്ഡ് സംഘത്തില്‍ ഉണ്ടായിരുന്നു.
