സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയെന്ന് പ്രതിപക്ഷ ആരോപണം

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതായി നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യങ്ങളെ കുറിച്ച് നിയമസഭ അറിയേണ്ടതുണ്ട്. അവധാനതയില്ലാതെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നും സഭാ ചട്ടം 303 പ്രകാരം നടത്തിയ ക്രമപ്രശ്‌നത്തില്‍ ചെന്നിത്തല ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ജയരാജന്റെയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തായാറുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു. അന്വേഷണ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭക്ക് മുമ്പില്‍ വെക്കുന്നതിന് മുമ്ബാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി ഇവ പുറത്തുവിട്ടതെന്ന് ചെന്നിത്തല ആരോപിച്ചു. ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്. കമീഷന്‍ റിപ്പോര്‍ട്ട് കണ്ട ശേഷം ജസ്റ്റിസ് ശിവരാജന്റെ വിശ്വാസ്യതയെ കുറിച്ച് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭയെ നോക്കുകുത്തിയാക്കി അവഹേളിക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. കമീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് അതിന്റെ പേരില്‍ നടപടി സ്വീകരിച്ച് പ്രതിപക്ഷത്തെയും യു.ഡി.എഫിനെയും നിശബ്ദരാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ആരോപണത്തെ നേരിടാനുള്ള ശക്തി യു.ഡി.എഫിനുണ്ട്. 50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുഖ്യമന്ത്രിയുടെ നടപടിയെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

1952 കമീഷന്‍ ഓഫ് എന്‍ക്വയറി ആക്ടിലെ സെക്ഷന്‍ 3,4 പ്രകാരം കമീഷന്‍ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭയില്‍ വെക്കേണ്ടതാണ്. 2017 ഒക്ടോബര്‍ 17ന് നടത്തിയ 135 കമീഷന്‍ റിപ്പോര്‍ട്ടുകള്‍ സഭയില്‍ വന്നിട്ടുണ്ട്. ആന്ധ്രാ അരി കുംഭകോണ കേസില്‍ ജസ്റ്റിസ് രാമന്‍നായര്‍ റിപ്പോര്‍ട്ട് മുതല്‍ ചെറിയതുറ വെടിവെപ്പ് കമീഷന്‍ റിപ്പോര്‍ട്ട് വരെ 128 എണ്ണത്തിന്റെ ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആറെണ്ണത്തിന് ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *