ന്യൂഡല്‍ഹി: ഹരിയാന ഗുര്‍ഗോണിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാഷ് റൂമില്‍ രണ്ടാം ക്ലാസുകരന് കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അറസ്റ്റുണ്ടായതിന് പിന്നാലെ കൊലയെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവരങ്ങളും പുറത്തായിരിക്കയാണ്. സെപ്തംബര്‍ മാസത്തില്‍ നടന്ന കൊലയില്‍ രണ്ടുമാസം കഴിഞ്ഞാണ് യഥാര്‍ത്ഥ പ്രതി പോലീസ് പിടിയിലാകുന്നത്. അതും വെറും പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി.
വളരെ വിദഗ്ദമായാണ് കുട്ടി കൊല നടത്തിയിരിക്കുന്നത്. സ്കൂളിലെ വാഷ് റൂമിലേക്ക് തനിക്ക് പിന്നാലെ കയറിയ പ്രദ്യൂമനെ കൊലപ്പെടുത്താന്‍ തനിക്ക് വെറും സെക്കന്‍ഡുകളേ വേണ്ടി വന്നുള്ളുവെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞത്. പ്രതിരോധിക്കാന്‍ പോലും കഴിയും മുമ്ബ് തന്നെ എല്ലാം കഴിഞ്ഞു. പുറത്തേക്ക് പോയ കുട്ടി വിവരം അപ്പോള്‍ തന്നെ പൂന്തോട്ടക്കാരനെ അറിയിക്കുകയും ചെയ്തിരുന്നു. കഴുത്തു മുറിഞ്ഞ കുട്ടിയുടെ ഒരു തുള്ളി രക്തം പോലും കയ്യിലോ ദേഹത്തോ യൂണിഫോമിലോ പറ്റാതെയാണ് പതിനൊന്നാം ക്ലാസുകാരന് കൃത്യം നിറവേറ്റിയതെന്നും സിബിഐ പറഞ്ഞു.
പിടിയിലാകുന്നതു വരെയുള്ള രണ്ടു മാസക്കാലം ആര്‍ക്കും ഒരു സംശയത്തിനും ഇടനല്‍കിയില്ല എന്നു മാത്രമല്ല, സുഹൃത്തുക്കളുടേയോ കുടുംബത്തിന്റെയോ മുന്നില്‍ ഒരു ഭാവഭേദവും കാണിച്ചിട്ടുമില്ല. തികച്ചും നിര്‍വ്വികാരതയോടെ ദൈനംദിന കാര്യങ്ങളില്‍ മുഴുകിയത് സിബിഐ സംഘത്തെ പോലും ഞെട്ടിച്ചു.
ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും സംഭവത്തെ കുറിച്ച് ഒരു സൂചന പോലും പറയാതെ രഹസ്യം സൂക്ഷിച്ചെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. പരീക്ഷയും പേരന്റ്സ് ടീറ്റേഴ്സ് മീറ്റിംഗും മാറ്റി വെയ്ക്കുന്നതിന് വേണ്ടിയാണ് ഏഴു വയസുകാരന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് ഈ കുട്ടി സിബിഐ യ്ക്ക് നല്കിയ മൊഴി. ഏതാനും ദിവസം മുമ്ബ് വാങ്ങിയ പുതിയ കത്തി ഉപയോഗിച്ച് ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ കഴുത്തു മുറിച്ച വിവരം നിരപരാധിയായ സ്കൂളിലെ ബസ് കണ്ടക്ടര്‍ അറസ്റ്റിലായപ്പോള്‍ പോലും പറഞ്ഞില്ല.
മാതാപിതാക്കള്‍ക്ക് പോലും കുട്ടിയില്‍ യാതൊരു സംശയവും തോന്നിയില്ല. പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോകുകയും കൂട്ടുകാരോടൊത്ത് കളികളില്‍ പങ്കെടുക്കുകയും ചെയ്തതാണ് ഈ കുട്ടിയില്‍ സംശയത്തിനിട നല്‍കാത്തതും. പ്രദ്യൂമന് പരിക്കേറ്റ് കിടക്കുന്ന വിവരം പൂന്തോട്ടക്കാരനെ അറിയിച്ചത് പോലും ഈ കുട്ടിയായിരുന്നുവെന്നാണ് ഗുര്‍ഗോണ്‍ പോലീസ് പറയുന്നത്. നാലു തവണ ചോദ്യം ചെയ്യല്‍ നടത്തിയിട്ടും ഒരിക്കല്‍ പോലും പോലീസിന്റെ മുന്നിലോ സിബിഐയ്ക്ക് മുന്നിലോ പരുങ്ങിയിട്ടുമില്ല. ചോദ്യം ചെയ്തപ്പോള്‍ കൊടുത്ത മൊഴിയില്‍ പോലും പരസ്പര വൈരുദ്ധ്യം വരാതെ ശ്രദ്ധിച്ചിരുന്നു.
പഠനത്തില്‍ ഈ കുട്ടി മോശമാണെന്ന് ടീച്ചര്മാര് റിപ്പോര്‍ട്ട് കൊടുത്തിട്ടും സെന്‍ട്രല്‍ ഏജന്‍സിക്ക് പരീക്ഷയും പിടിഎ യോഗവും മാറ്റിവെയ്ക്കാന്‍ വേണ്ടി മാത്രം ഏന്തെങ്കിലും തെറ്റ് ഈ കുട്ടി ചെയ്തതായി സംശയിക്കപ്പെടുന്ന സാഹചര്യവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൃത്യം നടത്തിയ ദിവസം പോലും വളരെ സാധാരണമായിട്ടാണ് പയ്യന് പെരുമാറിയത്. വാഷ് റൂമില്‍ ഒരു പയ്യന് മുറിവേറ്റു കിടക്കുന്ന വിവരം താനാണ് പൂന്തോട്ടക്കാരനോട് പറഞ്ഞതെന്ന് തന്റെ കായികാധ്യാപകനോട് കൃത്യത്തിന് ശേഷവും കുട്ടി പറഞ്ഞു.
