മലപ്പുറം: ജസ്റ്റിസ് ജി ശിവരാജനെ സോളാര്‍ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് സദുദേശത്തോടെയായിരുന്നുവെന്നും എന്നാല്‍ ഇതിനേക്കാള്‍ നല്ലത് സിപിഎം സെക്രട്ടറിയെ കമ്മീഷനായി വെയ്ക്കുന്നതായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ചെന്നിത്തല. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ‘പടയൊരുക്കം’ ജാഥ മലപ്പുറത്ത് പ്രവേശിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് മാധ്യമപ്രവര്‍ത്തകരോട് ചെന്നിത്തല സംസാരിച്ചത്.
സര്‍ക്കാര്‍ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം അപലപനീയമണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇത് പോലെ നിയമ ലംഘകരെ സംരക്ഷിച്ചിട്ടില്ല. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
സോളാര്‍ റിപ്പോര്‍ട്ട് കാറ്റുപോയ ബലൂണാണ്. കളവ് മുതല്‍ പങ്ക് വെക്കുന്ന മുന്നണിയായി എല്‍ഡിഎഫ് മാറിയെന്നും ചെന്നിത്തല ആരോപിച്ചു. പണക്കാര്‍ക്ക് ഒരു നീതി, പാവപ്പെട്ടവന് ഒരു നീതി എന്ന സമീപനമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. റേഷന്‍ കടക്കാര്‍ക്ക് ശമ്ബളം കൊടുക്കാന്‍ സര്‍ക്കാര്‍ പാവങ്ങളുടെ വയറ്റത്തടിച്ചു. സര്‍ക്കരിന്റെ മദ്യനയം കേരളീയ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തില്‍ താടി വെച്ചവരെ തീവ്രവാദികളാക്കുന്ന സമീപനമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
