സ്ത്രീകളുടെ മയക്കുമരുന്ന് കേസില്‍ 700 ശതമാനം വര്‍ധനവെന്ന് ചണ്ഡീഗഡ് പൊലീസ്

ചണ്ഡീഗഡ് : മയക്കുമരുന്ന് കേസുകളില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും അറസ്റ്റിലാകാറുണ്ട്. അത്തരത്തില്‍ സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട കേസുകളുടെ കണക്ക് പുറത്തിറക്കിയിരിക്കുകയാണ് ചണ്ഡീഗഡ് പൊലീസ്. സംസ്ഥനത്ത് സ്ത്രീകള്‍ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെടുന്ന കേസുകളില്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ 700 ശതമാനം ഉണ്ടായെനാണ് പൊലീസ് വ്യക്തമാക്കുന്നത്.

പൊലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2011 ല്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണ് അറസ്റ്റിലായത്. എന്നാല്‍, 2014ല്‍ 11, 2015ല്‍ 22 , എന്നിങ്ങനെ വര്‍ധിച്ചു. 2016ല്‍ 18 സ്ത്രീകളെയാണ് പിടികൂടിയത് . എന്നാല്‍ 18ല്‍ നിന്ന് വര്‍ധിച്ച് ഈ വര്‍ഷം ഇതുവരെ 24 സ്ത്രീകളെ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സുകള്‍ (എന്‍ഡിപിഎസ്) നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥിരമായി രജിസ്റ്റര്‍ ചെയ്യുന്നുണ്ട് .

മയക്കുമരുന്ന് വ്യപാരത്തിലൂടെ കൂടുതല്‍ ലാഭകരമായ രീതിയില്‍ പണം കണ്ടെത്താന്‍ കഴിയും എന്നതാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് കാരണമെന്നും, ഇവരില്‍ കൂടുതല്‍ ആളുകളും ചേരികളില്‍ താമസിക്കുന്നവരാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

നഗരത്തില്‍ താമസിക്കുന്ന സ്ത്രീകള്‍ മയക്കുമരുന്ന് വിതരണത്തിനായി മാത്രമല്ല ഉപയോഗിക്കപ്പെടുന്നത് ഇവരില്‍ ഭൂരിഭാഗവും നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ വ്യാപാരം നടത്തുന്നവരാണ്. ഹെറോയിന്‍, സ്മാക്ക്, കറുപ്പ് തുടങ്ങിയ മരുന്നുകളാണ് ഇവര്‍ വിതരണം ചെയ്യുന്നത്.

തുടക്കത്തില്‍ സ്ത്രീകളെ മയക്കുമരുന്ന് കടത്തുകാരായാണ് ഉപയോഗിക്കുന്നതെന്നും, സ്ത്രീകളെ പെട്ടന്ന് ആരും സംശയിക്കില്ല എന്ന കാരണത്താലാണ് ഇതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വനിത പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കൂടുതല്‍ നിയമനം നടപ്പാക്കിയതിനാലാണ് കേസില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നത്. അല്ലെങ്കില്‍ പൊലീസിന് ചില പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.വൈ.എസ്.പി) പവന്‍ കുമാര്‍ പറഞ്ഞു. പൊലീസ് പറയുന്നത് അനുസരിച്ച് സ്ത്രീകള്‍ വ്യാപാരം നടത്തുന്നത് നിരോധിത ഇഞ്ചക്ഷന്‍ മരുന്നുകളാണ്.

ബിപ്രിനോര്‍ഫിന്‍ (ഓപ്പിയം അടങ്ങിയ ഒരു വേദന സംഹാരിയാണ് ഇത്) , ഫെനിറൈമിന്‍ മാളേറ്റ്((അലര്‍ജിക്കായി ഉപയോഗിച്ചിരുന്ന മരുന്നാണ് , ഇതില്‍ വലിയ അളവില്‍ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ട് ) തുടങ്ങിയ നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളാണ് ഇവര്‍ വില്‍ക്കുന്നത്.

ഇത്തരം മരുന്നുകള്‍ ചില്ലറ വില്പനകളില്‍ നിന്ന് നിരോധിക്കുകയും , ഈ മരുന്നുകള്‍ ഡിആക്റ്റിക് സെന്ററുകളിലെ ഇന്‍പേഷ്യന്റ്മാര്‍ക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്നും ഉത്തരവ് നിലവില്‍ ഉണ്ട്.

അംബാലയില്‍ നിന്ന് 70 മുതല്‍ 100 രൂപ വരെ വിലവരുന്ന ഈ മരുന്നുകള്‍ ചണ്ഡീഗഡില്‍ 250 മുതല്‍ 300 രൂപ വിലയില്‍ വില്‍ക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മയക്കുമരുന്നിന്റെ ഉപയോഗം ഗ്രാമങ്ങളിലും വ്യാപിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. ചില ഗ്രാമ പ്രദേശങ്ങളിലെ അംഗീകൃതമല്ലാത്ത മെഡിക്കല്‍ ഷോപ്പുകളില്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്നും അവിടെ നിന്ന് മരുന്നുകള്‍ വാങ്ങുന്നവരില്‍ 14 നും 38 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആലോചിക്കുകയാണെന്നും , നടപടികള്‍ കൂടുതല്‍ ശക്തമായി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *