കൊച്ചി: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഡ്വക്കെറ്റ് ജനറല്‍ സര്‍ക്കാറിന് വേണ്ടി ഹാജരായി. ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി ഹരജി നല്‍കുകയും മന്ത്രിസഭയോഗത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള, കൊച്ചി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്. ശശികുമാറാണ് ക്വോ വാറന്‍േറാ ഹരജി നല്‍കിയത്.
ഒരു മന്ത്രി മറ്റൊരു മന്ത്രിക്കും സര്‍ക്കാറിനുമെതിരെ ആരോപണമുന്നയിച്ചതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി ഡിവിഷന്‍ ബെഞ്ച് തന്നെ വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ 15ന് സി.പി.ഐ പ്രതിനിധികളായ നാല് അംഗങ്ങള്‍ മന്ത്രിസഭയോഗത്തില്‍ പങ്കെടുക്കാതെ ബോധപൂര്‍വം മാറി നിന്ന സംഭവവുമുണ്ടായി. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി എഴുതി നല്‍കിയശേഷമായിരുന്നു ഈ നടപടി. ഇക്കാര്യം പാര്‍ട്ടി പത്രത്തില്‍ മുഖപ്രസംഗത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. സി.പി.എമ്മാകട്ടെ ഇതിനെതിരെ അവരുടെ മുഖപത്രത്തിലൂടെയും പ്രതികരിച്ചു. ഇതെല്ലാം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതുെന്റ പ്രതിഫലനമാണ്. നാല് മന്ത്രിമാര്‍ വിട്ടുനിന്നതിനെ അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഭരണഘടനാപരമായ അധികാരമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ ഭരണഘടനയുടെ 163, 164 അനുച്ഛേദത്തിലെ വ്യവസ്?ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. സര്‍ക്കാറിെന്റ നടപടികള്‍ക്ക് നിയമസഭയില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണിവര്‍. ഭരണനിര്‍വഹണത്തിന്റെ സൗകര്യാര്‍ഥം വകുപ്പുകളും ചുമതലകളും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി വിഭജിച്ചു നല്‍കിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഗവര്‍ണറുടെ പേരിലാണ് മന്ത്രിസഭ തീരുമാനങ്ങളുണ്ടാകുന്നത്. അതിനാല്‍ ഒരുമന്ത്രിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഉത്തരവാദികളാണ്. ഭരണഘടനാപരമായ ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. ഏതെങ്കിലും മന്ത്രിക്ക് വ്യക്തിപരമായി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ ഭരണഘടനാപരമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം തന്നെ കൂട്ടുത്തരവാദിത്തമെന്ന സങ്കല്‍പമാണ്.
ഇക്കാര്യങ്ങളെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മന്ത്രിയെന്ന നിലയില്‍ തുടരാനുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണഘടനാപരമായ പ്രതിസന്ധിയാണ് മുഖ്യമന്ത്രിയും സര്‍ക്കാറും നേരിടുന്നത്. കൂട്ടുത്തരവാദിത്തം നഷ്ടമാകാനിടയാക്കിയ മന്ത്രിമാര്‍ക്കെതിരെ നടപടിക്കും മുഖ്യമന്ത്രി മുതിര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം.
