മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തില്‍ തന്നെ ആര്‍എസ്എസ് പഠനശിബിരത്തിന് എയ്ഡഡ് സ്കൂള്‍ വിട്ടുനല്‍കിയതില്‍ മുസ്ലിംലീഗ് നേതാവിനെതിരെ വ്യാപക പ്രതിഷേധം. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് നേതാവ് സിപി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എഎംയുപി സ്കൂളിലാണ് ആര്‍എസ്എസിന്റെ പഠനശിബിരം നടത്തിയത്.
പൊതുവിദ്യാലയങ്ങള്‍ വര്‍ഗീയ സംഘടനകളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന ഉത്തരവ് ലംഘിച്ചാണ് ലീഗ് നേതാവ് ആര്‍എസ്എസിന് വേണ്ടി സ്കൂള്‍ അനുവദിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അധ്യാപകരായുള്ള സ്കൂള്‍കൂടിയാണ് അയ്യായ എഎംയുപി സ്കൂളെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശാഭിമാനിയാണ് വാര്‍ത്ത റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്.
മതംമാറിയതിന് ആര്‍എസ്എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ ഓര്‍മ്മയ്ക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനംതന്നെ പഠനശിബിരത്തിന് സ്കൂള്‍ അനുവദിച്ച മാനേജ്മെന്റിന്റെ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി നടന്നതെന്നും ഇതിനു മുസ്ലീം ലീഗ് തന്നെ സമ്മതം നല്കിയതും പ്രധിഷേധാര്‍ഹമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പ്രധാന അധ്യാപകനായ സ്കൂളില്‍ മുമ്ബും ആര്‍എസ്എസ് പരിപാടികള്‍ക്ക് വേദിയായിട്ടുണ്ട്.
