വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബ്രഹ്മപുരിയില്‍ മൂന്നംഗ സംഘം വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ വസ്തു ഇടനിലക്കാരന്‍ വാജിദിനെ ഗൂണ്ടാസംഘം വെടിവെക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വീടിന് സമീപം സ്ഥാപിച്ചിരുന്ന സി.സിടിവിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ബ്രഹ്മപുരിയിലെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് മൂന്നു പേര്‍ വാജിദിനെ പുറത്തേക്ക് തള്ളിയിടുകയും താഴെ നില്‍ക്കുകയായിരുന്ന നാലാമന്‍ വെടിവെക്കുകയുമായിരുന്നു. ഇയാളെ കൂടാതെ മറ്റൊരാളും വാജിദിന് നേരെ തുടരെ വെടിയുതിര്‍ത്തു. അക്രമികളില്‍ മൂന്നു പേര്‍ ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ചിരുന്നു. കൂടാതെ വാജിദിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം രണ്ടു ബൈക്കുകളിലായി സ്ഥലംവിട്ടത്. പ്രദേശവാസികള്‍ നോക്കി നില്‍ക്കവെയായിരുന്നു സംഭവം.

ഒക്ടോബര്‍ 22ന് നടന്ന കൊലപാതകത്തിന് കാരണം വസ്തുയിടപാട് സംബന്ധിച്ച കുടിപ്പകയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ റാഷിദ് എന്ന മുംതാജ്, റാഷിദ് എന്ന ഗോലു, വസീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ കുറ്റവാളി ചെന്നു പെഹല്‍വാന്റെ സംഘത്തിലെ അംഗങ്ങളാണ് വാജിദിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *