കനത്ത മഴ, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാറശാലയില്‍ സ്‌കൂള്‍ കലോത്സവം നടക്കുന്ന വേദി കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. കുട്ടികള്‍ എത്തുന്നതിന് മുമ്പ് അപകടമുണ്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. കനത്ത മഴയെത്തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിട്ടുണ്ട്.

അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍
വിതുര അമ്പൂരിയില്‍ വനത്തിനുള്ളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തെ തുടര്‍ന്ന് കരുമം, പന്തം എന്നിവിടങ്ങളിലെ പതിനാറോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. വീടുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിതുരയില്‍ വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പൊന്‍മുടിയിലും കല്ലാറിലും ശക്തമായ മഴയാണ്.

കോട്ടൂര്‍ സെറ്റില്‍മെന്റ് ഒറ്റപ്പെട്ടു
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റും മഴയും ഇന്നും തുടരുന്നു. ഇന്ന് പുലര്‍ച്ചെയോടെ അഗസ്ത്യവന മേഖലയ്ക്ക് താഴെയുള്ള കോട്ടൂര്‍ സെന്റില്‍മെന്റിലുണ്ടായ അതിശക്തമായ പാണ്ടിക്കാറ്റില്‍ ആദിവാസി സെന്റില്‍മെന്റ് ഒറ്റപ്പെട്ടു. ആമല, കൈതോട്, പൊത്തോട് തുടങ്ങി 22 ഊരുകളാണിവിടെയുള്ളത്. കാറ്റില്‍ വീടുകള്‍ക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. സെന്റില്‍മെന്റുകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെന്നാണ് ഫോറസ്റ്റുകാര്‍ അറിയിക്കുന്നത്.

മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളെയും തൊഴിലാളിയെയും കാണാതായി
അടിമലത്തുറയില്‍ നിന്നും കടലില്‍ പോയ ഏഴ് വള്ളങ്ങളെയും ഒരു മത്സ്യത്തൊഴിലാളിയെയും കടലില്‍ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

വ്യാപക വാഹനാപകടങ്ങള്‍
മാര്‍ത്താണ്ഡത്തിനടുത്ത് കുഴിത്തുറയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് അപകടത്തില്‍ പെട്ടെങ്കിലും ആളപായമില്ല. പാറശാലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ട്രെയിനുകള്‍ റദ്ദാക്കി
കനത്ത് മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നിന്നും പുറപ്പെടേണ്ടതും, എത്തിച്ചേരേണ്ടതുമായ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍
ന്മ 56318 നാഗര്‍കോവില്‍ കൊച്ചുവേളി
ന്മ 56317 കൊച്ചുവേളി നാഗര്‍കോവില്‍
ന്മ 66304 കൊല്ലം കന്യാകുമാരി മെമു
ന്മ 66305 കന്യാകുമാരി കൊല്ലം

പുനക്രമീകരിച്ച ട്രെയിനുകള്‍
ന്മ 16723/16724 അനന്തപുരി എക്‌സ്പ്രസ് കൊല്ലത്തുനിന്നാവും പുറപ്പെടുക
ന്മ രാവിലെ 6.40ന് കന്യാകുമാരിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്‌സ്പ്രസ് ഉച്ചയ്ക്കാ രണ്ടിനേ പുറപ്പെടൂ.
ന്മ രാവിലെ 10.30ന് കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ്.ബി.സി എക്‌സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂ.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദ്ദേശം
1. വൈകിട്ട് 6നും പകല്‍ 7നും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക
2. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക
3. കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക
4. ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്തും, തിരകെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക
5. മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക
6. പുഴയിലും, നീരുറവകളിലും ഇന്നും നാളെയും കുളിക്കുന്നത് ഒഴിവാക്കുക. പമ്ബാ സ്‌നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക

മലയോര,തീര മേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
1. വിനോദസഞ്ചാരികളെ ഇന്നും നാളെയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്
2. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക
3. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, , കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡി.ടി.പി.സി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *