മോഡി’പ്രഭാവ’വും ഏശുന്നില്ല; ഗുജറാത്തില്‍ ബിജെപിയുടെ നില തെറ്റുന്നു

അഹമ്മദാബാദ്:  ഗുജറാത്തില്‍ യുദ്ധം തോല്‍ക്കാതിരിക്കാനുള്ള 18ാമത്തെ അടവിലേക്ക് നീങ്ങുകയാണ് ബിജെപി. നൂറുപേര്‍ കൂടുന്നിടത്തെല്ലാം പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയത് ഇതിന്റെ വ്യക്തമായ സൂചന.

ആദ്യഘട്ട തെരഞ്ഞെടുപ്പിന് 11 ദിവസം ശേഷിക്കെ നരേന്ദ്ര മോഡി എട്ടോളം റാലിയില്‍ പങ്കെടുത്തുകഴിഞ്ഞു. രാജ്‌കോട്ട്, സൂറത്ത്, മോര്‍ബി, സോംനാഥ്, ഭുജ്, അമ്‌റേലി എന്നിവിടങ്ങളില്‍ മോഡി പങ്കെടുത്ത റാലികളില്‍ ഏറെ അധ്വാനിച്ചാണ് ബിജെപി ആള്‍ക്കാരെ കൂട്ടിയത്. മോഡിയെ കാണാനോ കേള്‍ക്കാനോ വേണ്ടിമാത്രം ആള്‍ക്കാര്‍ കൂടുന്ന സാഹചര്യം മാറിയത് നേതൃത്വത്തെ അമ്ബരപ്പെടുത്തിയിട്ടുണ്ട്. സെറാമിക് ടൈല്‍സുകളുടെ പേരില്‍ അറിയപ്പെടുന്ന മോര്‍ബിയില്‍ മോഡി പ്രചാരണം നടത്തവെ 30 കിലോമീറ്റര്‍ അകലെ പട്ടീദാര്‍ നായകന്‍ ഹാര്‍ദിക് പട്ടേല്‍ പങ്കെടുത്ത റാലിയില്‍ ആയിരങ്ങള്‍ ആര്‍ത്തിരമ്ബിയതോടെ സൌരാഷ്ട്രയുടെ ഹൃദയം മാറിച്ചിന്തിച്ചേക്കുമെന്ന പ്രവചനങ്ങള്‍ക്ക് ബലമേറി. ഡിസംബര്‍ 12നുള്ളില്‍ മോഡിക്ക് 27 റാലിയില്‍ക്കൂടി പങ്കെടുക്കേണ്ടതുണ്ട്.

22വര്‍ഷം നീണ്ട ഭരണത്തിനുശേഷം ഗുജറാത്തില്‍ ബിജെപിക്ക് ആദ്യമായി മുട്ടിടിച്ചുതുടങ്ങിയതിന്റെ സൂചനകള്‍ എല്ലായിടത്തും പ്രകടമാണ്. 20 കേന്ദ്ര മന്ത്രിമാരെയും ആറു മുഖ്യമന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും ഗുജറാത്ത് പ്രചാരണത്തിനായിമാത്രം രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കം. അരുണ്‍ ജെയ്റ്റ്‌ലി, സുഷ്മ സ്വരാജ്, രാജ്‌നാഥ്‌സിങ് തുടങ്ങി കേന്ദ്ര മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ കൈയാളുന്ന മന്ത്രിമാരും വരുംദിവസങ്ങളില്‍ ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും.

മറുഭാഗത്ത് പട്ടീദാര്‍, ദളിത്, പിന്നോക്ക വിഭാഗങ്ങളുടെ സ്വാഭാവികരോഷം ഇന്ധനമാക്കിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം മുന്നേറുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും ഉള്‍പ്പെടെയുള്ള വിപത്തുകളുടെ ഭവിഷ്യത്തുകള്‍ നേരിട്ടനുഭവിച്ച വ്യാപാരിസമൂഹത്തിന്റെയും പതിറ്റാണ്ടുകളായി ദുരിതത്തിലാണ്ട കര്‍ഷകസമൂഹത്തിന്റെയും പ്രതികരണങ്ങളും കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്നു. ഹാര്‍ദിക് പട്ടേലിന്റെയും അല്‍പ്പേഷ് ഠാക്കൂറിന്റെയും മറ്റും യോഗങ്ങളില്‍ പ്രകടമാകുന്ന യുവജനപങ്കാളിത്തം ഗുണം ചെയ്‌തേക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സജീവമാണ്.

അതേസമയം, വികസനമുദ്രാവാക്യങ്ങള്‍ പ്രതീക്ഷിച്ച ഫലമുണ്ടാക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ വീണ്ടും വര്‍ഗീയധ്രുവീകരണത്തിലേക്ക് ബിജെപി കളംമാറ്റിയിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ സോംനാഥ് ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ത്താനുള്ള നീക്കം ഇതിന്റെ തെളിവാണ്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം വിഷയങ്ങളോടുള്ള ഗുജറാത്തിന്റെ തണുപ്പന്‍പ്രതികരണം എടുത്തുപറയേണ്ടതാണ്.

നേരത്തെ അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായിട്ടുള്ള ആശുപത്രിയില്‍ ജീവനക്കാരനായിരുന്ന ആളെ ഐഎസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സംഭവം രാഷ്ട്രീയചര്‍ച്ചാവിഷയമാക്കാനുള്ള ബിജെപിയുടെ നീക്കം പരാജയപ്പെട്ടിരുന്നു. ഹാര്‍ദിക് പട്ടേലിനെതിരായ അശഌല സിഡി വിവാദമാകട്ടെ നാണംകെട്ട രീതിയില്‍ തിരിച്ചടിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍, ഭരണസ്വാധീനം ഉപയോഗിച്ച് ഭരണം നിലനിര്‍ത്താനുള്ള വഴികളാണ് ബിജെപി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *