ഗര്‍ഭിണിക്ക് ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം നല്‍കാന്‍ യുവാവ് പറന്നു, ഖത്തറില്‍ നിന്നും കുവൈലേക്ക്

ദോഹ: ഗര്‍ഭിണിക്ക് ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം നല്‍കാന്‍ യുവാവ് പറന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശി നിധീഷ് രഘുനാഥാണ് ഖത്തറിലെ ദോഹയില്‍ നിന്നും കുവൈറ്റിലെത്തിയത്. കര്‍ണാടക സ്വദേശിനിക്ക് സിസേറിയന്‍ ശസ്ത്രക്രിയക്ക് വേണ്ടി ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം അത്യാവശ്യമായി വന്നതിനാലാണ് യുവാവ് രണ്ടും കല്‍പിച്ചു കുവൈറ്റിലെത്തിയത്.

 
ലക്ഷത്തില്‍ നാലു പേര്‍ക്ക് മാത്രമുള്ള ഈ രക്തഗ്രൂപ്പ് കുവൈറ്റില്‍ ലഭ്യമല്ലാതായതോടെയാണ് അന്വേഷണം ഖത്തറിലേക്കുമെത്തിയത്. അപൂര്‍വ്വ ഗ്രൂപ്പില്‍ പെട്ട രക്തത്തിനു വേണ്ടിയുള്ള അന്വേഷണം സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചയായി. ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററിനും ഈ സന്ദേശമെത്തി. ബി ഡി കെഖത്തര്‍ ചാപ്റ്റര്‍ മുമ്ബ് നടത്തിയ രക്തപരിശോധനയില്‍ നിധീഷിന്റേത് ബോംബെ ഗ്രൂപ്പാണെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിധീഷിന്റെ ബ്ലഡിന്റെ ക്രോസ്സ് മാച്ചിംഗ് പൂര്‍ത്തിയാക്കി. നിധീഷ് ജോലി ചെയ്യുന്ന ഖത്തര്‍ ബര്‍വയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് കമ്ബനി അധികൃതരില്‍ നിന്നും അനുമതി വാങ്ങി അടിയന്തിരമായി കുവൈറ്റിലെത്തിക്കാനുള്ള നടപടികള്‍ ബി ഡി കെ ഖത്തര്‍ ചാപ്റ്റര്‍ സ്വീകരിച്ചു.

 

 

വിസ നടപടികള്‍ പുര്‍ത്തിയാക്കി വ്യാഴാഴ്ച കുവൈറ്റിലെത്തിയ നിധീഷ് ജാബരിയ രക്തബാങ്കില്‍ രക്തദാനം നിര്‍വ്വഹിച്ചു. സംഭവം വാര്‍ത്തയായതോടെ നിരവധി പേര്‍ നിധീഷിന് പ്രശംസയുമായെത്തി.

കുവൈത്തിലെ ആരോഗ്യ വിഭാഗം തന്നെ നിധീഷിനെ ആദരിച്ചു. ഖത്തറില്‍ തിരിച്ചെത്തുന്ന നിധീഷിന് ബ്ലഡ് ഡോണേഴ്‌സ് കേരള ഖത്തര്‍ ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമായിരിക്കുകയാണ് നിധീഷ്.

Leave a Reply

Your email address will not be published. Required fields are marked *