ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മാതാവിനെ വകവരുത്തി. പണത്തിന് വേണ്ടിയാണ് പ്രതി മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഐ ടി ജീവനക്കാരനായ ധഷ്വന്ത് (23) ആണ് മാതാവ് സരളയെ (45) കൊലപ്പെടുത്തിയശേഷം 25 പവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞത്.
ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പണം ആവശ്യപ്പെട്ട് മാതാവ് സരളയുമായി ധഷ്വന്ത് പതിവായി വഴക്കിടാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. സരള ധരിച്ചതും, അലമാരയില്‍ സൂക്ഷിച്ചതുമായ ആഭരണങ്ങള്‍ എല്ലാം ഇയാള്‍ കൈകലാക്കിയിരുന്നു.
സരളയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ശേഖര്‍ മകനെ വിളിച്ചെങ്കിലും താന്‍ വീടിനു പുറത്താണെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ മകന്‍ കട്ട് ചെയ്തു. വീണ്ടും മകന്റെ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും ഫോണ്‍ ഓഫ് ചെയ്തിരിക്കുന്ന സന്ദേശമാണ് ലഭിച്ചത്.
തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ സരളയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശേഖറിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സരളയുടെ ആഭരണങ്ങള്‍ സേലൂരിലുള്ള മണികണ്ഠന്‍ എന്നയാളെ ഏല്‍പ്പിച്ചിരിക്കുന്നതായി ബോധ്യപ്പെട്ടത്. കൊലപാതകം നടത്തിയതിന് ശേഷമാണ് ഇയാള്‍ ആഭരണങ്ങള്‍ മണികണ്ഠനെ ഏല്‍പ്പിച്ചതെന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏഴുവയസുകാരിയായ ഹാസിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലായത്. സെപ്റ്റംബറില്‍ പ്രതി ജാമ്യത്തിലിറങ്ങുകയായിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതിന് ഹാസിനിയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
