രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാകുമെന്നു ഉറപ്പായി.നാമനിർദേശ പത്രിക സമർപ്പിക്കാനുളള തിയ്യതി ഇന്നവസാനിക്കെ ഏകകണ്ഠമായാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
കോൺഗ്രസിന്റെ ചോദ്യം ചെയ്യാനാവാത്ത നേതാവായിരിക്കുകയാണ് നെഹ്രു കുടുംബത്തിലെ യുവതലമുറക്കാരൻ.ഒന്നുമറിയാതെ രാഷ്ട്രീയത്തിൽ വന്ന സോണിയ ഗാന്ധിയെ പോലെയല്ല രാഹുൽ കോൺഗ്രസ് അധ്യക്ഷനാവുന്നത്.13 വർഷം സോണിയക്ക് കീഴിൽ രാഹുൽ കോൺഗ്രസിനൊപ്പം ഉണ്ടായിരുന്നു.കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ ബിജെപി എന്ന കേഡർ പ്രസ്ഥാനത്തെ മറി കടക്കാൻ രാഹുൽ എന്തു മാജിക് കാണിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
രാഹുലിന്റെ മുന്നിലുളള വഴി ദുർഘടം പിടിച്ചതു തന്നെയാണ്.ഇന്ത്യ മുഴുവൻ അധികാരത്തിലുളള പാർട്ടിയിൽ നിന്ന് ലോകസഭയിൽ പ്രതിപക്ഷ സ്ഥാനത്തിന് അർഹത നേടാത്ത പാർട്ടിയായാണ് കോൺഗ്രസ് ഇന്ന് നിലകൊളളുന്നത്.രാഹുൽ നേരിടാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട വൈതരണി ഗുജറാത്ത് തെരഞ്ഞെടുപ്പ് തന്നെയാണ്.2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് ടെസ്റ്റാണിത്.
2004ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ് രാഹുൽ സജീവമായി കോൺഗ്രസ് പ്രവർത്തകനാവുന്നത്.മൂന്നു വർഷങ്ങൾക്ക് ശേഷം 2007ൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി രാഹുൽ മാറി.6 വർഷങ്ങൾക്ക് ശേഷം 2013ൽ രാഹുലിനെ കോൺഗ്രസ് ഉപാധ്യക്ഷനാക്കി.
1998ലാണ് സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ടാവുന്നത്.അതിനു ശേഷം നീണ്ട 19 വർഷം സോണിയ പാർട്ടിയെ നയിച്ചു.കോൺഗ്രസിന്റെ ചരിത്രത്തിൽ പ്രസിഡണ്ടു സ്ഥാനത്ത് ഏറ്റവുമധികം കാലം ഇരുന്ന വ്യക്തിയാണ് സോണിയ.രാഷ്ട്രീയത്തിൽ പിച്ച വച്ചു തുടങ്ങിയ രാഹുലിനെ എല്ലാ രാഷ്ട്രീയ ആക്രമണങ്ങളിൽ നിന്നും സംരക്ഷിച്ച് നിർത്തിയത് ഒരർത്ഥത്തിൽ സോണിയ ആയിരുന്നെന്ന് പറയാം.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ 1991ൽ തന്നെ സോണിയയ്ക്ക് അധ്യക്ഷ പദവി വച്ചു നീട്ടിയിരുന്നു.എന്നാൽ സോണിയ അത് നിരസിച്ചു.1995ൽ നരസിംഹറാവു പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരിക്കുമ്പോൾ വീണ്ടും സോണിയയ്ക്ക് ക്ഷണം ഉണ്ടായി.ഇത്തവണയും ക്ഷണം സോണിയ നിരസിച്ചു.1996ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസിനെ നയിക്കാൻ സോണിയയ്ക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന അവസ്ഥ വന്നു.അങ്ങിനെ 1998ൽ സോണിയ പ്രസിഡണ്ടായി.
മധ്യപ്രദേശ്,രാജസ്ഥാൻ,ദില്ലി എന്നിവിടങ്ങളിലെ ഹാട്രിക് വിജയവുമായാണ് സോണിയ അരങ്ങേറ്റം കുറിച്ചത്.കോൺഗ്രസിനു പുതു ഊർജം ലഭിച്ചു.പക്ഷെ പാളയത്തിൽ പടയുണ്ടായി.സോണിയയുടെ വിദേശ പൗരത്വ പ്രശ്നത്തിൽ ശരദ് പവാർ,പിഎ സാംഗ്മ തുടങ്ങിയ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു.
1999ലെ തെരഞ്ഞെടുപ്പിൽ വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം സീറ്റു വർധിപ്പിച്ചപ്പോൾ സോണിയയുടെ കഴിവിൽ പലരും അവിശ്വാസം പ്രകടിപ്പിച്ചു.എന്നാൽ കോൺഗ്രസിനെ ഒറ്റ മനസോടെ മുന്നോട്ടു കൊണ്ടു പോകാനായിരുന്നു സോണിയയുടെ ശ്രമം.അർജുൻ സിംഗ്,പ്രണബ് മുഖർജി,എകെ ആന്റണി,ജനാർദൻ ദ്വിവേദി എന്നിവരടങ്ങുന്ന ടീമിനെ സോണിയ നിയോഗിച്ചു.പിന്നീട് ദ്വിഗ്വിജയ് സിംഗും അഹമ്മദ് പട്ടേലും ആ ടിമിൽ ചേർന്നു.സോണിയയുടെ നീക്കം ഫലിച്ചു.2004ൽ വാജ്പേയി സർക്കാർ കോൺഗ്രസിനു മുന്നിൽ തകർന്നു വീണു.
യുപിഎയുടെ വിജയത്തിനു പിന്നാലെ സോണിയ പ്രധാനമന്ത്രിയാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.എന്നാൽ അധികാരത്തിൽ നിന്ന് മാറി നിന്ന് സോണിയ പാർട്ടിയെ ചലിപ്പിച്ചു.മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ യുപിഎ രണ്ടാം സർക്കാരും വന്നു.എന്നാൽ നരേന്ദ്ര മോദിയെ മുൻനിർത്തി എൻഡിഎ നടത്തിയ വ്യാപക പ്രചാരണത്തെ തുടർന്നുളള തെരഞ്ഞെടുപ്പിൽ യുപിഎ തോറ്റു.എൻഡിഎ അധികാരത്തിൽ വന്നു.2014 കോൺഗ്രസിന്റെ ഏറ്റവും മോശം പരാജയമായിരുന്നു.അന്നു തൊട്ട് രാഹുൽ പ്രസിഡണ്ടാവുെമന്ന് ശ്രുതികളുണ്ടായി.
സോണിയ കോൺഗ്രസ് പ്രസിഡണ്ടാവുമ്പോൾ പുതുമുഖമായിരുന്നു.എന്നാൽ രാഹുൽ ഒരു ദശാബ്ദത്തിലേറെയുളള അനുഭവ സമ്പത്തുമായാണ് കോൺഗ്രസ് അമരക്കാരൻ ആവുന്നത്.ഗുജറാത്ത് തെരഞ്ഞെടുപ്പിനു പിന്നാലെ വരുന്ന 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ നേരിടേണ്ടത് കുശാഗ്ര ബുദ്ധിയുളള മോദി-ഷാ ദ്വയത്തെയാണ്.ഗുജറാത്തിൽ രാഹുൽ ഈ ദ്വയത്തെ നേരിട്ട രീതി രാഷ്ട്രീയ നിരീക്ഷകരിൽ മതിപ്പുണ്ടാക്കുന്നുണ്ട്.സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ച് പഴയ തലമുറയുടെ അനുഭവ സമ്പത്തും യുവതലമുറയുടെ ഊർജ്ജവും ഉൾക്കൊണ്ട് രാഹുൽ മുന്നോട്ടു പോകുമെന്നാണ് കരുതപ്പെടുന്നത്.
