അയോധ്യ കേസ്: അന്തിമവാദം ഫെബ്രുവരി എട്ട് മുതല്‍ ആരംഭിക്കും

ദില്ലി: അയോധ്യ കേസിലെ അന്തിമവാദം 2018 ഫെബ്രുവരി എട്ട് മുതല്‍ ആരംഭിക്കുമെന്ന് സുപ്രിം കോടതി. വാദം നീട്ടിവെക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമെ കേസില്‍ വാദം കേള്‍ക്കാവു എന്നായിരുന്നു ഇന്ന് വഖഫ് ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രിം കോടതി വാദം കേള്‍ക്കുന്നത്.

രാജ്യത്തിന്റെ മതേതരത്വത്തെയും രാഷ്ട്രീയഘടനയെയും ബാധിക്കുന്ന കേസാണെന്നും അതിനാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വാദം കേള്‍ക്കുന്നത് നിര്‍ത്തിവെക്കണമെന്നും സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

കേസ് ഡിസംബറില്‍ കേള്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇതില്‍ പ്രധാനമന്ത്രിക്ക് അടിയന്തരമായി പരിഹാരം കാണാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കത്തെഴുതിയിരുന്നെന്നും ഇത് ഈ വിഷയത്തിലുള്ള ബാഹ്യ ഇടപെടല്‍ വ്യക്തമാക്കുന്നതായും സിബല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കേസ് 2019 ജൂലൈ 31 മുതല്‍ കേള്‍ക്കണമെന്നും കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങള്‍ കോടതി തള്ളി.

നിലവിലെ ചീഫ് ജസ്റ്റിസിന്റെ കാലയളവില്‍ കേസിന്റെ വാദം പൂര്‍ത്തായാകില്ലെന്ന് മുസ്ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. കേസില്‍ രാഷ്ട്രീയം കാണരുതെന്നും നിയമപരമായി വേണം കാണേണ്ടതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങളുടെ വാദം കേട്ടശേഷമാണ് കേസില്‍ ഫെബ്രുവരി എട്ടുമുതല്‍ അന്തിമവാദം ആരംഭിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *