കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ആധാര്‍ പദ്ധതി ശക്തമാക്കി നടപ്പിലാക്കിയതോടെ വ്യാജപാസ്‌പോര്‍ട്ട് കൈവശം വക്കുന്നവര്‍ കുടുങ്ങും. പ്രവാസികളുടെ സുപ്രധാന രേഖയായ പാസ്‌പോര്‍ട്ടും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ വൈകാതെ സജീവമാകും. ഒന്നിലേറെ പാസ്്‌പോര്‍ട്ടുകള്‍ കൈവശം വക്കുന്നവരും വ്യാജപാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവരും ആധാര്‍ ബന്ധിപ്പിക്കുന്നതോടെ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തും. നിയമപരമായി ഒന്നിലേറെ പാസ്്‌പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ആശങ്കപ്പെടാനില്ല. എന്നാല്‍ വ്യാജപാസ്‌പോര്‍ട്ടുകളില്‍ വിദേശത്ത് തുടരുന്നവര്‍ക്ക് ആധാര്‍ പദ്ധതി തലവേദകളുണ്ടാക്കും.
പാസ്‌പോര്‍ട്ടില്‍ പേര്,ജനന തിയതി,ജനന സ്ഥലം,അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ തെറ്റായി കാണിച്ച് യാത്ര ചെയ്യുന്നവര്‍ ഇനി ശ്രദ്ധിക്കേണ്ടിവരും. പാസ്പോര്‍ട്ട്,തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്,ഡ്രൈവിങ് ലൈസന്‍സ്,ആധാര്‍ കാര്‍ഡ് തുടങ്ങിയ എല്ലാ രേഖകളും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്ര അസാധ്യമാവും.പിടിക്കപ്പെട്ടാല്‍ പുലിവാല്‍ പിടിക്കുകയും ചെയ്യും.പാസ്സ്പോര്‍ട്ടും മറ്റ് രേഖകളും കേസിന് ആവശ്യമായ മുതലുകള്‍ ആയതിനാല്‍ അവ കണ്ട് കെട്ടുകയും ചെയ്യും.
ക്രിമിനല്‍ കേസില്‍ പ്രതി ആവുന്നതോടെ പുതിയ പാസ്‌പോര്‍ട്ട് എടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.പഴയ കാലത്ത് ഉംറ വിസക്ക് സൗദിയില്‍ പോയി പാസ്‌പോര്‍ട്ട് നഷ്ടപ്പട്ടവരും,വയസ് നിഷ്‌കര്‍ശിച്ചിരുന്ന ചില വിസക്ക് യാത്ര ചെയ്യാന്‍ വേണ്ടി വയസ് കൂട്ടി പാസ്‌പോര്‍ട്ട് എടുത്തവരും പ്രായം കൂട്ടി കാണിച്ച് ഹൗസ് ഡ്രൈവര്‍ വിസക്ക് വേണ്ടി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചവരും അന്യ സംസ്ഥാനങ്ങളില്‍ നിന്നും പഴയ കാലത്ത് പെട്ടന്ന് പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നതിനാല്‍ ആ വഴിക്ക് എടുത്തവരും ക്രിമിനല്‍ കേസുകളില്‍ പ്രതി ആയവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കില്ല എന്നതിനാല്‍ തെറ്റായ രേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് എടുത്തവരും എല്ലാമാണ് ഇപ്പോഴും ഇത്തരം പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്.
കാര്യത്തിന്റെ ഗൗരവം അറിയാത്ത സാധാരണക്കാര്‍ ആണ് ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇത്തരം പാസ്സ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം നല്‍കിയിട്ടുണ്ട്. നിലവില്‍ വിസയുള്ള പാസ്‌പോര്‍ട്ടും ഈ രീതിയില്‍ സറണ്ടര്‍ ചെയ്യാന്‍ സാധിക്കും.
