ശബരിമല: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ്‌സോണ്‍ പദ്ധതി തീര്‍ഥാടകരുടെ മനം കവര്‍ന്നു. പത്തനംതിട്ടഇലവുങ്കല്‍, പമ്പഇലവുങ്കല്‍എരുമേലി, എരുമേലിപത്തനംതിട്ടഇലവു ങ്കല്‍പമ്പ, പമ്പഇലവുങ്കല്‍എരുമേലി, എരുമേലിവിഴിക്കിത്തോട്പൊന്‍കുന്നം, എരുമേലികൂവപ്പള്ളി26ാം മൈല്‍, എരുമേലിപുലിക്കുന്ന്മുണ്ടക്കയം, കോട്ടയം കുമളി, കുട്ടിക്കാനംപുളിയന്‍മലകട്ടപ്പനകമ്പംമേട്ട്, വണ്ടിപ്പെരിയാര്‍സത്രം എന്നീ റോഡുകളിലായി 350 കിലോമീറ്ററിലാണ് ജനപ്രിയ പദ്ധതിയായ സേഫ് സോണ്‍ മോട്ടോര്‍ വാഹന വകുപ്പ് വിജയകരമായി നടപ്പാക്കിയത്.
മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലത്ത് 65 ദിവസങ്ങളിലായി സേഫ് സോണ്‍ പദ്ധതിയില്‍ തീര്‍ഥാടകരുടെ കേടായ 6750 വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി. ചെറുതും വലുതുമായ 262 വാഹനാപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇലവുങ്കലെ കേന്ദ്ര ഓഫീസിന്റെയും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലെ സബ് ഓഫീസുകളുടെയും നിയന്ത്രണത്തിലാണ് സേഫ് സോണ്‍ പദ്ധതി നടപ്പാക്കിയത്. ഒരു ദിവസം മൂന്നു ഷിഫ്ടുകളിലായി 61 മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സേഫ് സോണില്‍ സേവനമനുഷ്ഠിച്ചത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ 22 വാഹന നിര്‍മാണ കമ്പനികളുടെ 125 മെക്കാനിക്കുകള്‍, അന്‍പതോളം ബ്രേക്ക്ഡൗണ്‍ സഹായ വാഹനങ്ങള്‍, ടയര്‍ പഞ്ചര്‍ യൂണിറ്റ് എന്നിവയും പൂര്‍ണ സജ്ജമായി പ്രവര്‍ത്തിച്ചു. അമൃത ആശുപത്രി, ശാന്തിഗിരി ആശ്രമം, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയുടെ ആംബുലന്‍സുകളും മുത്തൂറ്റ് ഹെല്‍ത്ത് കെയറിന്റെ മെഡിക്കല്‍ ഐസിയുവും ട്രോമ കെയര്‍ യൂണിറ്റും അടങ്ങുന്ന സംവിധാനവും ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തിനു ക്രമീകരിച്ചിരുന്നു.
24 മണിക്കൂറും സേഫ് സോണ്‍ പ്രവര്‍ത്തന സജ്ജമായിരുന്നത് തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസകരവും സഹായകരവുമായി. മുന്‍പ് തീര്‍ഥാടകര്‍ ഏറെ വലഞ്ഞിരുന്നത് ഗതാഗത കുരുക്കുമൂലമായിരുന്നു. സേഫ് സോണ്‍ പ്രവര്‍ത്തകര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാല്‍ ഇത്തവണ സേഫ് സോണ്‍ പാതകള്‍ ഗതാഗത കുരുക്കില്‍ നിന്നു മുക്തമായിരുന്നു. ആറു ഭാഷകളില്‍ തയാറാക്കിയ സുരക്ഷിത യാത്രാ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ തീര്‍ഥാടകരുടെ വാഹന ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതിനു പുറമേ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ സേഫ് സോണ്‍ പ്രവര്‍ത്തകര്‍ ഉച്ചഭാഷിണിയിലൂടെ ആറു ഭാഷകളില്‍ ബോധവത്കരണ സന്ദേശം പ്രചരിപ്പിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍, മുന്നറിയിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന 500 ബോര്‍ഡുകള്‍ സുരക്ഷാ പാതയില്‍ സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു. സ്‌പെഷല്‍ ഓഫീസര്‍ പി.ഡി. സുനില്‍ ബാബുവിന്റെ നേതൃത്വത്തിലാണ് സേഫ് സോണ്‍ പദ്ധതി വിജയകരമായി നടപ്പാക്കിയത്.
