കൊച്ചി മെട്രോ കേരളപ്പിറവി ദിനത്തില്‍

കൊച്ചി: കേരളപ്പിറവി ദിനത്തില്‍ സര്‍വീസ് തുടങ്ങുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തോടെ കൊച്ചി മെട്രോയുടെ ടെസ്റ്റ് റണ്ണിന് തുടക്കം. 1095 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന മെട്രോ പദ്ധതിയില്‍ ഇനി അവശേഷിക്കുന്ന 137 ദിവസം അതിവേഗത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുകയെന്നും ടെസ്റ്റ് റണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കളമശ്ശേരിക്ക് സമീപം മുട്ടം യാര്‍ഡില്‍ പ്രത്യേക സജ്ജമാക്കിയ ടെസ്റ്റ് ട്രാക്കിലാണ് മെട്രോ ട്രെയിനിന്റെ ചക്രമുരുളുന്നതിനായി മുഖ്യമന്ത്രി കൊടി വീശിയത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇത് അഭിമാനമുഹൂര്‍ത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2012 സെപ്തംബര്‍ 13ന് തറക്കല്ലിട്ട പദ്ധതിയില്‍ 2013 ജൂണ്‍ ഏഴിന് നിര്‍മാണമാരംഭിച്ചു. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ടെസ്റ്റ് റണ്‍ നടത്തുന്നത്. മെട്രോ ട്രെയിനിന്റെ സര്‍വീസിന് കേരളവും കൊച്ചിയും ഈ വര്‍ഷം തന്നെ സാക്ഷ്യം വഹിക്കും.

കേരളപ്പിറവി ദിനത്തില്‍ സര്‍വീസെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടു പോകുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രേരകശക്തിയായി പ്രവര്‍ത്തിച്ച ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഇ. ശ്രീധരനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇ. ശ്രീധരന്റെ തൊപ്പില്‍ മറ്റൊരു തൂവല്‍ കൂടിയാണ് ഈ പദ്ധതി. അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പര്യത്തിനും നേതൃത്വത്തിനും കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയുണ്ട്. ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

തുറമുഖ, ഫിഷറീസ് മന്ത്രി കെ. ബാബു, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്‍, എസ്. ശര്‍മ, ബെന്നി ബഹന്നാന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, അഹമ്മദ് കബീര്‍, ലൂഡി ലൂയിസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ. ഇ. ശ്രീധരന്‍, മാനേജിങ് ഡയറക്ടര്‍ മങ്കു സിംഗ്, കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, പ്രവീണ്‍ ഗോയല്‍, ആല്‍സ്റ്റോം ട്രാന്‍സ്‌പോര്‍ട്ട് പ്രസിഡന്റ് ഹെന്റി പോപര്‍ട്ട് ലഫാര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലുവ മുട്ടം യാര്‍ഡിലെ വൈദ്യുതീകരിച്ച ട്രാക്കില്‍ 900 മീറ്റര്‍ ദൂരമാണ് പരീക്ഷണ ഓട്ടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *