ന്യുഡല്‍ഹി: ബാബ്റി മസ്ജിദ് പൊളിച്ച സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് കര്‍സേവകര്‍ ഇസ്ലാം മതം സ്വീകരിച്ചു. പാനിപ്പത്തില്‍ നിന്നുള്ള ശിവസേനാ നേതാവായിരുന്ന ബല്‍ബീര്‍ സിങ്, യോഗേന്ദ്രപാല്‍, ശിവപ്രസാദ് എന്നിവരാണ് ഇസ്ലാം മതം സ്വീകരിച്ചത്. ബാബ്റി മസ്ജിദ് പൊളിച്ചതില്‍ മാനസികവേദനയുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇസ്ലാം മതം സ്വീകരിച്ച മൂന്ന് പേരില്‍ രണ്ട് പേര് പകരം നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ്. ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി ന്യൂസ് അനാലിസിസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
1992 ഡിസംബര്‍ 6ന് ബാബ്റി മസ്ജിദ് പള്ളിയുടെ മിനാരത്തിലേക്ക് കയറിയ വ്യക്തിയാണ് ബല്‍ബീര്‍ സിങ്. പള്ളി പൊളിച്ചതിന് ശേഷം ജന്മനാട്ടില് എത്തിയ ബല്‍ബീറിന് നാട്ടില്‍ സ്വീകരണം ലഭിച്ചിരുന്നു. പള്ളി പൊളിച്ചതിന്റെ രണ്ട് ഇഷ്ടികകള്‍ ബല്‍ബീര്‍ സിങ് കൊണ്ടുവന്നത് പാനിപ്പത്തിലെ ശിവസേന ഓഫീസില്‍ ഇപ്പോഴും സൂഷിച്ചിട്ടുണ്ട്. ഇസ്ലാം മതപണ്ഡിതനായ കലീം സിദ്ദിഖിയെ പരിചയപ്പെട്ടതാണ് ബല്‍ബീര്‍ സിങ്ങിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
സിദ്ദിഖിയുടെ മതപ്രഭാഷണങ്ങളില്‍ ആകൃഷ്ടനായി ബല്‍ബീര്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ മുഹമ്മദ് ആമിര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. പാനിപ്പത്ത് വിട്ട് ഹൈദരാബാദിലെത്തിയ ബല്‍ബീര്‍ ഒരു മുസ്ലീം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. പള്ളി പൊളിച്ചതില്‍ ബല്ബീറിനൊപ്പം ഉണ്ടായിരുന്ന യോഗേന്ദ്രപാലും ഇസ്ലാം മതം സ്വീകരിച്ചു. മുഹമ്മദ് ഉമര്‍ എന്നാണ് യോഗേന്ദ്രയുടെ പുതിയ പേര്. മരിക്കുന്നതിന് മുന്‍പ് 100 പള്ളികള്‍ നിര്‍മ്മിക്കുകയോ നവീകരിക്കുകയോ ചെയ്യുമെന്ന് ഇരുവരും പറഞ്ഞു.
ഇതില്‍ നാല്‍പ്പത് പള്ളികളുടെ നവീകരണത്തില്‍ പങ്കാളിയായതായും ഇരുവരും പറയുന്നു. ഇസ്ലാം മതത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനായി ബല്‍ബീര്‍ ഒരു സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദ് പൊളിക്കുന്നതിന് നാലായിരം കര്‍സേവകര്‍ക്ക് പരിശീലനം നല്കിയ വ്യക്തിയാണ് അയോധ്യയില്‍ നിന്നുള്ള ശിവപ്രസാദ്. എന്നാല്‍ പള്ളി പൊളിച്ചതിന് ശേഷം കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട ഇയാളും പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. 1997ല്‍ ഷാര്‍ജയിലേക്ക് പോയ ശിവപ്രസാദ് 99ല്‍ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് മുസ്തഫ എന്ന പേരും സ്വീകരിച്ചു.
