കോഴിക്കോട്: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. മലപ്പുറത്തെ ഓഫീസ് പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുന്നതായും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മലപ്പുറത്ത് തന്നെ തുടരാനും കേന്ദ്രവിദേശകാര്യ മന്താലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലപ്പുറത്തെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ ഉടമയുമായി ഒരു മാസത്തേക്ക് വാടക പുതുക്കി കരാറുണ്ടാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രവാസികള്‍ ഏറെയുള്ള മലപ്പുറം ജില്ലയില്‍ ഏറെ കാത്തിരിപ്പിന് ശേഷം 2006 ലാണ് പാസ്പോര്‍ട്ട് ഓഫീസ് നിലവില്‍ വന്നത്. മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഓഫീസ് മലപ്പുറത്തിന് ലഭിച്ചത്. മലപ്പുറം,പാലക്കാട് ജില്ലകള്‍ക്ക് വേണ്ടിയാണ് ഈ ഓഫീസ് കോഴിക്കോട് റോഡിലെ കിഴക്കേതലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് രാജ്യവ്യാപകമായി പാസ്പോര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നത് സ്വകാര്യ ഏജന്‍സിയായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസിനെ ഏല്‍പ്പിച്ചതോടെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴിയാണ് സേവനങ്ങള്‍ നല്‍കിയത്.
ഈ സാഹചര്യത്തില്‍ മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസിന്റെ കൂടി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് പൂട്ടാനും കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാനും ഏതാനും മാസം മുമ്പ് ഉത്തരവ് വന്നത്. ഇതിനെതിരെ മുസ്്ലിം ലീഗിന്റെയും ഇതര സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. പി.കെ.കുഞ്ഞാലികുട്ടി എം.പി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഓഫീസ് പൂട്ടി ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടേക്ക് മാറിയിരുന്നു.
ഇതിനിടെയാണ് ഓഫീസ് നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് വന്നത്. അതേസമയം, പുതിയ തീരുമാനം താല്കാലികമാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുമുണ്ട്.നിലവിലുള്ള കെട്ടിടത്തിന് ഒരു മാസത്തേക്ക് വാടക നല്‍കാനാണ് ഉത്തരവിലുള്ളത്. ഒരു മാസത്തിന് ശേഷം വാടക തുടര്‍ന്ന് നല്‍കുമോ എന്ന് വ്യക്തതയില്ല.
