ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം കഴിയാന്‍ യുവതി തയാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. ഭര്‍ത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി. ഭര്‍ത്താവിന്റെ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വരുത്തി തീര്‍ക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡ്ഢിയെന്ന യുവതി കാമുകന്‍ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയത്.
ഭര്‍ത്താവ് സുധാകര്‍ റെഡ്ഢിക്ക് ജോലിസ്ഥലത്തുനിന്ന് മുഖത്ത് പരിക്കേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. ഇയാള്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ചികിത്സക്കു ശേഷം മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകറിന്‍േറതു പോലെയാക്കാനായിരുന്നു നീക്കം. എന്നാല്‍ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ സുധാകറിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ സ്വാതിയോടൊപ്പമുള്ളത്? രാജേഷാണെന്ന് കണ്ടെത്തി.
രണ്ടുവര്‍ഷം മുമ്ബാണ് സ്വാതിയും സുധാകറും തമ്മിലുള്ള വിവാഹം നടന്നത്. രാജേഷുമായി അടുപ്പത്തിലായ സ്വാതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. നവംബര്‍ 22 നാണ നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള മയ്‌സമ്മ വനത്തില്‍ മൃതശരീരം കുഴിച്ചിടുകയായിരുന്നു.
ശേഷം സുധാകര്‍ മരിച്ചിട്ടില്ലെന്നും ഒപ്പമുള്ളത് കാമുകനാണെന്ന് തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടി രാജേഷിന്റെ മുഖത്ത് ആസിഡ് തളിച്ച് പൊള്ളലേല്‍പ്പിച്ചു. ഹൈദരാബാദില്‍ വെച്ച് അജ്ഞാതന്റെ ആസിഡ് ആക്രമണത്തില്‍ ഭര്‍ത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചത്. രാജേഷിന്റെ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറിന്റെ വീട്ടുകാര്‍ ചെലവഴിച്ചിരുന്നു. എന്നാല്‍ പുതിയ ‘സുധാകറി’ന്റെ പെരുമാറ്റത്തിലും സംസാരരീതിയിലുമെല്ലാം സംശയം തോന്നിയ മാതാവ് പൊലീസ് സഹായം തേടി.
പൊലീസ് ചോദ്യം ചെയ്യലില്‍ സ്വാതി കുറ്റസമ്മതം നടത്തി.സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലില്‍ വനപ്രദേശത്തുനിന്ന് സുധാകറിന്റെ മൃതദേഹം കണ്ടെടുത്തു. സ്വാതിയെയും ചികിത്സയില്‍ കഴിയുന്ന രാജേഷിനെയും ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്തു.
