ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍ കുരുക്കിയത് വാട്ട്‌സാപ്പ്

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്‌നയിലെ ബഗല്‍പൂരിലാണ് സംഭവം നടന്നത്. എല്‍ഐസി ബഗല്‍പൂര്‍ ഡിവിഷന്‍ ഓഫീസിലെ ഏജന്റായ ദിനേശ് രജക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായ നേഹയെ കഴിഞ്ഞദിവസമായിരുന്നു ബഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈദ്യുതാഘാതമേറ്റാണ് നേഹ മരിച്ചതെന്നായിരുന്നു ദിനേശ് അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ നേഹയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകളും ദിവസങ്ങള്‍ക്ക് മുമ്ബ് അവര്‍ സഹോദരന് അയച്ച മെസേജുകളുമാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ദിനേശിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്.

രണ്ടര വര്‍ഷം മുമ്പായിരുന്നു എല്‍ഐസി ഏജന്റായ ദിനേശിന്റേയും നേഹയുടേയും വിവാഹം. തുടര്‍ന്ന് ബഗല്‍പൂരിലെ സംപ്രീത് അപ്പാര്‍ട്ട്‌മെന്റ്‌സിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്താണ് ഇരുവരുടെയും ദാമ്പത്യജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായത്. സ്ത്രീധനവും ദിനേശിന് മറ്റൊരു സ്ത്രീയുമായുള്ള അടുപ്പവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഡിസംബര്‍ 10 ഞായറാഴ്ച വൈകീട്ടാണ് നേഹയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ നേഹയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരനും മാതാപിതാക്കളും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ദിനേശ് രാജക്കിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *