മലപ്പുറം: പാസ്പോര്‍ട്ട് അപേക്ഷകരില്‍ നിന്ന് എസ്.എം.എസ് സന്ദേശമയക്കുന്നതിനും പാസ്പോര്‍ട്ട് ഇടുന്നതിനുള്ള പൗച്ച് തുടങ്ങിയവ നല്‍കുന്നതിന് അധിക ഫീസ് നിര്‍ബന്ധിച്ച് ഈടാക്കുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രം അധികൃതരുടെ നടപടിയില്‍ സൗദി കെ.എം.സി.സി പരാതി നല്കി. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ സേവാ കേന്ദ്രത്തിന്റെ ചമുതലയുള്ള അസി. പാസ്പോര്‍ട്ട് ഓഫീസര്‍ വി.എസ് സുഭാഷിനെക്കണ്ടാണ് പരാതി രേഖാമൂലം നല്‍കിയത്.
അപേക്ഷകളില്‍ മേലുള്ള നടപടികള്‍ യഥാസമയം എസ്.എം.എസ് സന്ദേശം വഴി അപേക്ഷകനെ അറിയിക്കുന്നതിനും പാസ്പോര്‍ട്ടിനുള്ള പ്രത്യേക കവര്‍ ഉള്‍പ്പടെ 500 ഓളം രൂപ അധികൃതര്‍ ഈടാക്കുന്നത്. എസ്.എം.എസ് ലഭിക്കുന്നതിന് 45 രൂപയാണിതില് ഈടാക്കുന്നത്. ഈ തുക അടച്ചില്ലെങ്കിലും പാസ്പോര്‍ട്ട് ഓഫീസ് നടപടികള്‍ എസ്.എം.എസ് മുഖേന ലഭ്യമാകും.
എന്നാല്‍ ഈ സേവനം ആവശ്യമുള്ളവര്‍ക്ക് മാത്രം പണമടച്ചാല്‍ മതിയെന്നും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും പരാതിയെ സംബന്ധിച്ച് അന്വേഷിച്ച് ഇക്കാര്യം ശ്രദ്ധയില്‍പെട്ടാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അസി.പാസ്പോര്‍ട്ട് ഓഫീസര്‍ വി.എസ് സുഭാഷ് നേതാക്കളെ അറിയിച്ചു. പരാതി കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി നേതാക്കളായ ഇബ്രാഹീം മുഹമ്മദ്, മുഹമ്മദ് കുട്ടി മാതാപ്പുഴ, ബഷീര്‍ മൂന്നിയൂര്‍, റഫീഖ് പാറക്കല്‍, സി.കെ ഷാക്കിര്‍, കുന്നുമ്മല്‍ കോയ എന്നിവരും സേവാകേന്ദ്രത്തില്‍ എത്തിയിരുന്നു.
