പുതുപ്പള്ളിയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം, ലക്ഷ്യം സ്‌കൂള്‍ കുട്ടികള്‍

പുതുപ്പള്ളി:  പുതുപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകം. സ്‌കൂള്‍ കുട്ടികള്‍ വരെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പുതുപ്പള്ളിയും പരിസരപ്രദേശങ്ങളിലുമായി വിലസുന്നു. പുതുപ്പള്ളി അങ്ങാടി കവലയ്ക്കുസമീപം രാത്രിസമയങ്ങളില്‍ തമ്ബടിക്കുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ക്ക് കാഞ്ചാവ് എത്തിക്കുന്ന സംഘത്തെപ്പറ്റി വ്യാപകപരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. രാത്രി ഏഴോടെ എത്തുന്ന യുവാക്കള്‍ മൂന്നു മണിക്കൂര്‍ വരെ ഇവിടെ തമ്പടിക്കും.

ബൈക്കുകളിലും കാറുകളിലും എത്തുന്നസംഘം പുകവലി, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇവിടെ ഇരുന്നു ഉപയോഗിക്കുന്നതായി പറയുന്നു. ബൈക്കുകളില്‍ എത്തുന്ന സംഘത്തിനുവേണ്ട ഒത്താശ ചെയ്തു കൊടുക്കുന്നവരും സ്ഥലത്തുണ്ട്. വഴിയോര വിപണന കേന്ദ്രങ്ങളിലേക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങുന്ന യുവാക്കള്‍ കഞ്ചാവ് സംഘങ്ങളുടെ കൈകളിലാണ് എത്തുന്നത്. പുതുപ്പള്ളി അങ്ങാടി പ്രദേശത്തെ കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളെപ്പറ്റി നേരത്തെ മുതല്‍ പരാതി വ്യാപകമാണ്.

കഴിഞ്ഞദിവസം കഞ്ചാവുമായി പയ്യപ്പാടി ഗുരുദേവ എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥിയെ എക്‌സൈസ് പുതുപ്പള്ളിയില്‍നിന്നും പിടികൂടിയിരുന്നു. ആലപ്പുഴ കളര്‍കോട് സ്വദേശി ലാല്‍ഭവനത്തില്‍ ഭാസ്‌കര്‍ ദേവാ(22)ണു പിടിയിലായത്. ഇയാള്‍ പാമ്ബാടി, പുതുപ്പള്ളി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നുവെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പയ്യപ്പാടി ഭാഗത്തുള്ള ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഇടയില്‍ കുടുമി പാക്കരന്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

വെള്ളൂര്‍ ഭാഗത്തുവച്ചു കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണു പാമ്പാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി. അനൂപിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ നെടുംകുന്നം സ്വദേശിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെപ്പോലെ നിരവധി യുവാക്കള്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘങ്ങളും പുതുപ്പള്ളി ഭാഗത്ത് എത്തുന്നുണ്ട്. വൈകുന്നേരം ഏഴിനും ഒമ്ബതിനും ഇടയില്‍ അങ്ങാടി ഭാഗം കേന്ദ്രീകരിച്ചാണു ഇവരുടെ പ്രവര്‍ത്തനമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *