ചീമേനി: പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിവധക്കേസില്‍ ശാസ്ത്രീയ രീതിയില്‍ പോലീസ് അന്വേഷണം ശക്തമാക്കി. പോലീസ് നായ വീടിനു മുന്നിലെ വയലിലേക്കാണ് മണം പിടിച്ച് ഓടിയത്. വയലിലുണ്ടായിരുന്ന ട്രില്ലറിനു സമീപം പാഞ്ഞെത്തിയ നായ റോഡിനു കുറുകെയുള്ള കലുങ്കിനു സമീപം ഏറെ നേരം നിന്നു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലാണ് പുലിയന്നൂര്‍ ഗ്രാമമെങ്കിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം കൂടിയാണിത്. ഭീമനടിയില്‍ നിന്നും ചീമേനിയില്‍ നിന്നും ഇവിടേക്ക് എത്താം. ചീമേനിയില്‍ നിന്നാണ് ഇവിടേക്ക് എളുപ്പത്തിലെത്താന്‍ കഴിയുന്നത്.
സംഭവം നടന്ന അധ്യാപക ദമ്ബതികളുടെ വീട്ടില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. ഇതു കൊണ്ട് തന്നെ പുലിയന്നൂരില്‍ എത്തുന്ന റോഡിന്റെ അരികിലുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അപരിചിതമായ വാഹനം കടന്നുപോകുന്നതിന്റെ ദൃശ്യം സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഘാതകര്‍ സഞ്ചരിച്ച വാഹനമാണിതെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.
കണ്ണൂര്‍ റേഞ്ച് ഐജി നേരിട്ടു സംഭവസ്ഥലത്തെത്തിയതും ഏറെ സമയം ചെലവിട്ടു കാര്യങ്ങള്‍ മനസ്സിലാക്കി നിര്‍ദേശങ്ങള്‍ നല്‍കിയതുമെല്ലാം അന്വേഷണത്തിന്റ ഗൗരവം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സമീപകാലത്തടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ തുമ്ബുണ്ടാക്കിയ പ്രത്യേക അന്വേഷണ സംഘങ്ങളിലെ വിദഗ്ദ്ധരായ പൊലീസ് ഉദ്യോഗസ്ഥരെയും വ്യാഴാഴ്ച തന്നെ സ്ഥലത്തേക്കു വിളിച്ചു വരുത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തില്‍ ഇവര്‍ക്കെല്ലാം നിശ്ചിത ചുമതലകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
