തിരുവനന്തപുരം: രാജ്യം കോണ്‍ഗ്രസ് വിമുക്തമാകുന്നതിന്റെ സൂചനയാണ് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയ വിജയമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഴിമതിയും സ്വജനപക്ഷപാതവും നടത്തി രാഷ്ട്രീയരംഗത്തെ ഒന്നാകെ മലിനപ്പെടുത്തിയ കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കുകയാണ് ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ ചെയ്തതെന്നും കുമ്മനം വ്യക്തമാക്കി.
വികസനരാഷ്ട്രീയവും ജാതിരാഷ്ട്രീയവും തമ്മിലുള്ള മത്സരമാണ് ഗുജറാത്തില്‍ നടന്നത്. ജാതിരാഷ്ട്രീയവും സങ്കുചിത രാഷ്ട്രീയവും ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പില്‍ വിജയിക്കാം എന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയതന്ത്രമാണ് പൊലിഞ്ഞുവീണത്. കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളെ കൂട്ടുപിടിച്ച് കള്ളക്കഥകള്‍ മെനഞ്ഞും കുപ്രചരണങ്ങള്‍ നടത്തിയിട്ടും അതിനെ തരണം ചെയ്യാന്‍ ബി.ജെ.പി.യ്ക്കായി. അത്തരം പ്രവണതകളെ എതിര്‍ത്ത് മുന്നേറാന്‍ ബി.ജെ.പി.ക്ക് കെല്‍പ്പുണ്ടെന്ന് ഈ വിജയം തെളിയിച്ചതെന്നും കുമ്മനം രാജശേഖരന്‍ പറയുകയുണ്ടായി.
