ന്യുഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ നേതാക്കളായ എ രാജയേയും കനിമൊഴിയെയും കുറ്റവിമുക്തമാക്കിയ സിബിഐ കോടതിയുടെ നടപടിയില്‍ ഏറ്റവും ആശ്വസിക്കുന്നത് കോണ്‍ഗ്രസ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന അവര്‍ക്ക് വിധി വലിയ ഊര്‍ജ്ജമായി മാറും. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും ശക്തമായ ഒരു തിരിച്ചുവരവിന് അവസരം കിട്ടും.
കേസില്‍ വിധി പറഞ്ഞ വിചാരണകോടതി പ്രോസിക്യൂഷന് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളൊന്നും തെളിയിക്കാനായില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 2009 ല്‍ അധികാരത്തില്‍ എത്തിയതിന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ നേരിട്ട അഴിമതിയാരോപണം മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായ യുപിഎ സര്‍ക്കാരിനെ മുള്‍മുനയിലായിരുന്നു നിര്‍ത്തിയത്. ഇന്ത്യ മുഴുവന്‍ വന്‍ ചര്‍ച്ചയായ കേസില്‍ തുടര്‍ന്ന് വന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ആരോപണത്തിന്റെ ശരശയ്യയില്‍ കിടക്കേണ്ടിയും വന്നിരുന്നു.
കേസില്‍ ആരോപണ വിധേയരായ എ രാജയ്ക്ക് ടെലികോം മന്ത്രിസ്ഥാനം രാജി വെച്ചതിന് പിന്നാലെ തന്നെ ജയിലില്‍ പോകേണ്ടി വരികയും ചെയ്തു. ഒരു മന്ത്രിക്ക് സ്ഥാനത്തിരിക്കെ അഴിമതിക്കേസില്‍ ജയിലിലേക്ക് പോകേണ്ടി വരുന്ന ആദ്യ സംഭവമെന്ന അപൂര്‍വ്വതയും കേസിനുണ്ടായിരുന്നു. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും ഭരണഘടനാ പരമായ കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആദ്യം മുതല്‍ പറഞ്ഞിരുന്ന രാജയ്ക്കും വിധിയോടെ ആശ്വാസമായിരിക്കുകയാണ്.
കോണ്‍ഗ്രസിനൊപ്പം തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും വിധി പുനര്‍ജ്ജനിയാണ്. കേസിനെ തുടര്‍ന്ന് എഐഎഡിഎംകെ യ്ക്ക് മുന്നില്‍ തല കുനിക്കേണ്ടി വന്ന ഡിഎംകെയ്ക്കും കേസ് ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയായിരുന്നില്ല. ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ വിധി വന്നത് ഡിഎംകെയ്ക്ക് തിരിച്ചുവരവിനുള്ള അവസ്ഥ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. അഴിമതി കേസ് ഡിഎംകെയ്ക്ക് എതിരേ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി പ്രചാരം നേടിയിരുന്നു.
കേസ് കുംഭകോണമായിരുന്നില്ലെന്നും കുംഭകോണമാക്കി എതിരാളികള്‍ മാറ്റുകയായിരുന്നെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചത്. ഒരു നഷ്ടവും ഉണ്ടായിട്ടില്ല. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു എന്നും അദ്ദേഹം പറയുന്നു. അതേസമയം 4000 ലധികം പേജുകളുള്ള കുറ്റപത്രവും 200 ലധികം സാക്ഷിമൊഴികള്‍ രേഖപ്പെടുത്തപ്പെട്ടിട്ടും ഇത്തരം ഒരു വിധി വന്നത് അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
