വയോജന സംരക്ഷണ തര്‍ക്കത്തില്‍ അനാവശ്യ ഇടപെടല്‍ ഒഴിവാക്കണം

കൊച്ചി: വയോജനങ്ങളെ സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ തര്‍ക്കങ്ങള്‍ പരിഗണിക്കുമ്‌ബോള്‍ അഭിഭാഷകരുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിങ്ങില്‍ നിര്‍ദേശം. അഭിഭാഷകര്‍ ഇടപെടുന്നത് പലപ്പോഴും വയോജനങ്ങള്‍ക്ക് ദോഷകരമായി തീരാറുണ്ട്. പകല്‍വീടുകളെക്കാള്‍ വയോജനഗ്രാമങ്ങള്‍ രൂപീകരിക്കാന്‍ പ്രാമുഖ്യം നല്‍കണം. 80 വയസ്സു കഴിഞ്ഞവര്‍ക്ക് 5000 രൂപയും ഇതിനു താഴെയുള്ളവര്‍ക്ക് 3000 രൂപയും പെന്‍ഷന്‍ നല്‍കണം. പെന്‍ഷന്‍ കണക്കാക്കുമ്‌ബോള്‍ കുടുംബത്തിന്റെ മൊത്തം വരുമാനം പരിഗണിക്കരുത്. വ്യക്തിയുടെ വരുമാനം മാത്രമാകണം മാനദണ്ഡം. കെട്ടിടങ്ങള്‍, ബസുകളിലെ ചവിട്ടുപടികള്‍ തുടങ്ങിയവ വയോജന സൌഹൃദപരമായി നിര്‍മിക്കണമെന്നും ഹിയറിങ്ങില്‍ നിര്‍ദേശം ഉയര്‍ന്നു.

മുതിര്‍ന്ന പൌരന്മാര്‍ സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് ഹിയറിങ്ങില്‍ പങ്കെടുത്ത ജസ്റ്റിസ് കെ സുകുമാരന്‍ അഭിപ്രായപ്പെട്ടു. നിവേദനങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിച്ചെന്നും നല്‍കുന്നവരെ അറിയിക്കാന്‍ സംവിധാനം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുതിര്‍ന്ന പൌരന്മാരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കി സൂക്ഷിക്കണമെന്നും അയ്യപ്പന്‍കാവ് പകല്‍വീട് പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍ നായര്‍ നിര്‍ദേശിച്ചു. മുതിര്‍ന്ന പൌരന്മാര്‍ക്കായി സാമൂഹ്യസുരക്ഷാ നിയമം നടപ്പാക്കണം. നിര്‍ധനരായവര്‍ക്ക് വൃദ്ധസദനങ്ങളും അല്ലാത്തവര്‍ക്ക് പകല്‍വീടുകളും നിര്‍മിച്ചുനല്‍കണം.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്നും അറിയാന്‍ ആരെ സമീപിക്കണമെന്നുമായിരുന്നു 17 വര്‍ഷമായി കേരളത്തില്‍ ജോലിചെയ്യുന്ന ഒഡിഷക്കാരന്‍ രാജേന്ദ്ര നായിക്കിന് അറിയേണ്ടത്. സംസ്ഥാനസര്‍ക്കാരിന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതികളുണ്ടെന്ന് തങ്ങളില്‍ പലര്‍ക്കും അറിയില്ല. പദ്ധതികളെക്കുറിച്ച് തൊഴിലാളികള്‍ക്ക് അറിയാന്‍ പ്രത്യേക യൂണിറ്റുകളും ഹെല്‍പ്‌ലൈനുകളും വേണം. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ധനസഹായം വര്‍ധിപ്പിക്കുക, പരാതി പറയാനുള്ള സംവിധാനം ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നായിക് മുന്നോട്ടുവച്ചു.

വയോമിത്രം പദ്ധതി വ്യാപകമാക്കുക, തദ്ദേശസ്ഥാപനങ്ങള്‍ വയോജനങ്ങള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുക, ബുദ്ധി വൈകല്യമുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്ബളം നല്‍കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ ഇവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നു.

കമീഷന്‍ അംഗങ്ങളും മുന്‍ ചീഫ് സെക്രട്ടറിമാരുമായ സി പി നായര്‍, ഷീല തോമസ്, നീല ഗംഗാധരന്‍, കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള, കമീഷന്‍ അഡീഷണല്‍ സെക്രട്ടറി ടി പി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *