ബോണാക്കാട് സംഘര്‍ഷം വിതുരയിലും

വിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് എത്തിയവരെ പൊലീസ് തടഞ്ഞതോടെ തുടങ്ങിയ സംഘര്‍ഷം വിതുരയിലേക്കും വ്യാപിച്ചു. രാവിലെ വനത്തിലൂടെ കുരിശുമലയിലേക്ക് കയറാന്‍ എത്തിയവരെ പൊലീസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ആദ്യഘട്ടത്തില്‍ വനത്തില്‍ കയറാനെത്തിയ വികാരികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസും വനംവകുപ്പും ചേര്‍ന്ന് തടഞ്ഞു. എന്നാല്‍ പൊലീസിനുനേരെ കല്ലേറുണ്ടായതോടെ ലാത്തിച്ചാര്‍ജ് നടന്നു. ഇതിന് പിന്നാലെ പിരിഞ്ഞുപോയ വിശ്വാസികള്‍ പിന്നീട് വിതുരയിലേക്ക് സമരം വ്യാപിപ്പിക്കുകയായിരുന്നു. ഭീതിജനകമായ അന്തരീക്ഷത്തിനാണ് പിന്നീട് വിതുര സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്.

വിതുരയില്‍ റോഡുപരോധം തുടങ്ങിയതോടെ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചു. ഇതോടെ വാക്കേറ്റമായി. തുടര്‍ന്ന് ബസ്സുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി. ഒരു കെഎസ്ആര്‍ടിസി ബസ് തകര്‍ന്നു. വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസിനെ വിളിച്ചിട്ടുണ്ട്. കുറച്ച് വിശ്വാസികള്‍ പിരിഞ്ഞുപോയെങ്കിലും ഇപ്പോഴും കൂടുതല്‍പേര്‍ വിതുരയില്‍ തന്നെ തുടരുകയാണ്. അതേസമയം വിശ്വാസികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

ഇന്ന് രാവിലെ തുടങ്ങിയ സംഘര്‍ഷം വ്യാപിക്കുകയാണെന്നാണ് വിവരം. ഇതോടെ കൂടുതല്‍ പൊലീസിനെ സ്ഥലത്തേക്ക വിന്യസിക്കുന്നുണ്ട്. കുരിശിന്റെ വഴിയെ എന്ന പേരില്‍ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. എന്നാല്‍ വനത്തിലേക്ക് അതിക്രമിച്ച് കയറാന്‍ തുടങ്ങിയ വിശ്വാസികളെ പൊലീസ് തടഞ്ഞു.

ഇതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വിശ്വാസികള്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ കുറെ പേര്‍ കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. വൈദികരുടെ നേതൃത്വത്തില്‍ 3000ത്തോളം വിശ്വാസികളാണ് തടിച്ച് കൂടിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്.

അതിനിടെ കുരിശുമല തീര്‍ത്ഥാടകരെ തടഞ്ഞതിനെ ചൊല്ലിയുള്ള പ്രക്ഷോഭം വിതുരയിലേക്ക് മാറ്റാനും സഭാ അധികൃതരുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങുകയായിരുന്നു. കാണിത്തടം ചെക്‌പോസ്റ്റില്‍ നിന്ന് സമരം വിതുരയിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്. ഇതോടെ റോഡുപരോധം തുടങ്ങുകയും വീണ്ടും ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയായിരുന്നു. കറിച്ചട്ടിപ്പാറയിലെ വനഭൂമിയില്‍ കുരിശ് സ്ഥാപിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

എന്നാല്‍ പൊലീസ് ഈ നീക്കം തടഞ്ഞു. അതേസമയം മലയിലേക്ക് കയറ്റിവിടാതെ ഇവിടെ നിന്നും പിരിഞ്ഞ് പോകില്ല എന്ന നിലപാടിലാണ് വിശ്വാസികള്‍. എന്നാല്‍ കടത്തി വിടില്ല എന്ന നിലപാടിലാണ് പൊലീസ്. കറിച്ചട്ടിപ്പാറയിലെ വനഭൂമിയിലെ തകര്‍ന്ന് പോയ കുരിശ് മാറ്റി സ്ഥാപിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. എന്നാല്‍ കറിച്ചട്ടിപ്പാറയിലെ വനഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ വിധി മറികടന്ന് വിസ്വാസികള്‍ എത്തിയതോടെയാണ് പൊലീസ് ഇവരുടെ യാത്ര തടഞ്ഞത്.

ഹൈക്കോടതി വിധിയും വനംവകുപ്പിന്റെ ഉത്തരവും കാറ്റില്‍ പറത്തിയാണ് കറിച്ചട്ടിപ്പാറയില്‍ വീണ്ടും കുരിശ് സ്ഥാപിക്കാന്‍ ഉറച്ച് വൈദീകരുടെയും അല്‍മായരുടെയും നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. ഇടിമിന്നലേറ്റ് തകര്‍ന്ന കുരിശിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വൈദീകരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. അതേസമയം വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചാല്‍ പറിച്ച് നീക്കുമെന്ന് വനംവകുപ്പും അറിയിച്ചിരുന്നു.

എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം വകവെയ്ക്കാതെ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്ന മരക്കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥരും വര്‍ഗ്ഗീയ വാദികളും ചേര്‍ന്ന് തകര്‍ത്തതെന്ന വാദമുയര്‍ത്തിയ സഭ വിശ്വാസികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം വനം മന്ത്രി രാജുവിന്റെ വസതിയിലേക്ക് ലത്തീന്‍ വുമണ്‍ അസോസിയേഷന്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇതില്‍ മൂന്നുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മൂന്നുപേര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. മുന്‍പ് നെടുമങ്ങാട് കാട്ടാക്കട, നെയ്യാറ്റിന്‍ക്കര താലൂക്ക് ആസ്ഥാനങ്ങളിലേക്ക് നടന്ന സമരവും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വരുന്ന വെള്ളിയാഴ്ച്ച നെയ്യാറ്റിന്‍കര അതിരൂപതയിലെ വിശ്വാസികള്‍ ഒന്നടങ്കം ബോണക്കാട് കറിച്ചട്ടിപ്പാറയിലേക്ക് പ്രാര്‍ത്ഥനയ്ക്കു പോകാന്‍ തീരുമാനിച്ചതായാണ് വിവരം. വിശ്വാസികളുടെ നേതൃത്വത്തില്‍ വന്‍ ജനക്കൂട്ടത്തെ അണിനിരത്തി മലകയറി കുരിശു നീട്ടാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *