മലപ്പുറം : സംസ്ഥാനത്തെ ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പത്ത് ഐടിഐകളിലും കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐടിഐകളിലും ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കും. ഇതോടെ എവിടെയും പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഐടിഐയില്‍ പ്രവേശനം ലഭിക്കുമെന്ന ധാരണക്ക് മാറ്റമുണ്ടാകും. പഠിപ്പിക്കുന്ന ട്രേഡുകളെല്ലാം തൊഴില്‍ സാധ്യതക്കനുസരിച്ച് നവീകരിക്കും.
ഐടിഐകളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് രാജ്യത്തിനകത്തും പുറത്തും തൊഴില്‍ നേടാന്‍ ഇത് പ്രയോജനപ്പെടും. മലപ്പുറത്ത് എംപ്ലോയബിലിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ഐടിഐകളിലും പ്ലേസ്മെന്റ് സെല്ലുകള്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതോടെ സ്വകാര്യ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കൂടി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രാപ്യമാകും.
കഴിവും അഭിരുചിയും മനസ്സിലാക്കി മികച്ച പരിശീലനത്തിലൂടെ തൊഴില്‍ നിപുണത വര്‍ധിപ്പിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും വലിയൊരു വിഭാഗം യുവാക്കള്‍ക്ക് പ്രായോഗിക പരിശീലനമില്ലാത്തതിനാല്‍ പല തൊഴില്‍ മേഖലകളിലും എത്താന്‍ കഴിയുന്നില്ല.
മികച്ച പരിശീലനത്തിലൂടെ തൊഴില്‍ അന്വേഷകരുടെ ആത്മവിശ്വാസം വളര്‍ത്താന്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ സഹായിക്കും. സ്വകാര്യമേഖലകളിലെ തൊഴില്‍ സാധ്യതകളെകൂടി പരിഗണിച്ചാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്. എംപ്ലോയബിലിറ്റി സെന്ററിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ കൂടി പ്രവര്‍ത്തിക്കും.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ പദ്ധതികള്‍ തൊഴില്‍ മേഖലയില്‍ സംസ്ഥാനം നടപ്പാക്കുന്നുണ്ട്. 34.38 ലക്ഷം യുവാക്കളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് ജോലിക്ക് കാത്തിരിക്കുന്നത്. ഈ അവസ്ഥയില്‍ സ്വകാര്യമേഖലകളിലെ തൊഴിലവസരങ്ങള്‍ വിസ്മരിക്കാനാകില്ല. പ്രവര്‍ത്തന സജ്ജമായ എംപ്ലോയബിലിറ്റി സെന്റുകളില്‍ ഒരു ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ 63848 പേര്‍ക്ക് പരിശീലനവും 36798 പേര്‍ക്ക് തൊഴിലവസരവും ലഭിച്ചു. ഒമ്പതാമത് കേന്ദ്രമാണ് മലപ്പുറത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. വൈകാതെ മുഴുവന്‍ ജില്ലകളിലും എംപ്ലോയബിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കും. സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കള്‍ ഇത്തരം സെന്ററുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ദീര്‍ഘവീക്ഷണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ യത്നം വേണമെന്നും മന്ത്രി പറഞ്ഞു.
