തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ സജി ബഷീറിന് സ്ഥിരം നിയമനം ലഭിച്ചതില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി എസി മൊയ്തീന്‍. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിക്കുന്നതിലെ വീഴ്ചയിലും വകുപ്പിലെ കള്ളക്കളിയിലും അന്വേഷണം നടത്തും.
കെല്‍പാം എംഡിയായി സജി ബഷീറിന് സര്‍ക്കാര്‍ വീണ്ടും നിയമനം നല്‍കിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. സിഡ്‌കോ എംഡിയായിരിക്കെ കോടികള്‍ വെട്ടിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സജി ബഷീറിന്റെ പുതിയ നിയമനത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് സിഡ്‌കോ എംഡിയായി സ്ഥിരം നിയമനം നല്‍കി വ്യാവസായികവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സജി ബഷീര്‍ കോടതിയില്‍ നിന്നും അനുകൂലവിധി സമ്ബാദിച്ചത്.
അതേസമയം, ഉത്തരവ് തെറ്റാണെന്നും സജി ബഷീറിന് നിയമനം നല്‍കരുതെന്നും നിലവിലെ വ്യവസായമന്ത്രി എസി മൊയ്തീന്‍ ഫയലില്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വ്യവസായവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവും ഇറക്കി. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിലപാട് വ്യക്തമായി കോടതിയില്‍ അവതരിപ്പിക്കുവാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. ഇതോടെയാണ് കോടതി വിധി സര്‍ക്കാരിന് എതിരായത്.
സജി ബഷീറിനെതിരായ ഫയലുകള്‍ കാണാതായതിനെ കുറിച്ച് പ്രത്യേക അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. സജി ബഷീറിനെതിരെ വകുപ്പുതല നടപടിയും ഉടന്‍ ഉണ്ടാകും. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം സജി ബഷീറിന് നിയമനം നല്‍കിയിരുന്നില്ല. ഇത് ചോദ്യം ചെയ്തായിരുന്നു സജി ബഷീര്‍ ഹൈക്കോതിയെ സമീപിച്ചത്.
