നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് 17ലേക്ക് മാറ്റി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച്‌ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിധി പറയുന്നതിനായി മാറ്റി. ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ന് വിധി പറയും.

പൊലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇത് ദുരുദ്ദേശത്തോടെയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

അതേസമയം ദിലീപാണു കുറ്റപത്രം ചോര്‍ത്തിയതെന്ന വാദമാണു പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. ദിലീപ് ഹരിശ്ചന്ദ്രന്‍ അല്ലെന്നും ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു.

കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറ‍ത്ത് വന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിയായിരുന്നു പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *