വിദ്യാര്‍ത്ഥികളെ പിവിസി പൈപ്പും ചുറ്റികയുംകൊണ്ട് ആക്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ പിവിസി പൈപ്പും ചുറ്റികയുമുപയോഗിച്ച്‌ ക്രൂരമായി ആക്രമിച്ച അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകന്റെ ക്രൂരമര്‍ദ്ദനം അറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി ബഹളമുണ്ടാക്കിയതിന് പിന്നാലെയാണ് പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം ചാല ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് സംഭവം. കുട്ടികളെ മര്‍ദ്ദിച്ചതിന് അധ്യാപകനായ ബി വിജയകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. രാവിലെ 11 മണിയോടെയാണ് അധ്യാപകന്റെ അതിക്രമമുണ്ടായത്. ശിവദേവ്, അതുല്‍, അരുണ്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടികളുടെ പുറത്തും മുഖത്തും മര്‍ദ്ദനത്തില്‍ പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് സ്കൂളിലേക്ക് എസ്‌എഫ്‌ഐ പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന് ഉച്ചയോടെ ഫോര്‍ട്ട് പൊലീസ് എത്തി അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം നേരത്തെയും ഈ അധ്യാപകനെതിരേ സമാനമായ പരാതിയുണ്ടായതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ സ്കൂളിലെ അധ്യാപികയോട് ചില കുട്ടികള്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ ഇടപെട്ടതാണെന്ന് സ്കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *