തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയിലെ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 20ന് വൈകുന്നേരം 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. യാതൊരു നിയന്ത്രണമില്ലാതെയാണ് പെട്രോള്‍, ഡീസല്‍ വില അനുദിനം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കാലാകാലങ്ങളില്‍ ഇത്തരത്തില്‍ വര്‍ദ്ധന ഉണ്ടാകുമ്‌ബോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുമൂലം ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവയ്ക്കുകയാണു പതിവ്. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരിക്കല്‍പോലും ഈ നികുതി വേണ്ടെന്നുവയ്ക്കാന്‍ തയ്യാറായിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും ഇത്തരത്തില്‍ ലഭിക്കുന്ന നികുതിയില്‍ കാര്യമായ ഇളവാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചുരുക്കത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ജനങ്ങളെ കൊള്ള അടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെയുള്ള ശക്തമായ താക്കീതായിരിക്കും 20ന് നിയോജകമണ്ഡല തലത്തില്‍ നടത്തുന്ന പ്രതിഷേധ പ്രകടനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
