കോലഞ്ചേരി: ദലിത് ഭൂ സമരം അട്ടിമറിക്കാന്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് സമര സമിതി നേതാവ് നിരാഹാര സമരം ആരംഭിച്ചു. പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്ത ദലിത് ഭൂ അവകാശ സമര മുന്നണി നേതാവ് വി.കെ ജോയിയാണ് പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം ആരംഭിച്ചത്.
കെ.പി.എം.എസ് പ്രവര്‍ത്തകരെ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ഇദ്ദേഹത്തെ ബുധനാഴ്ച്ച വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് കള്ളക്കേസാണെന്നാണ് സമര സമിതിയുടെ ആരോപണം. സമരം പൊളിക്കാന്‍ പുത്തന്‍കുരിശ് സി.ഐയും, എസ്.ഐയും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ആലുവ എസ്.പി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നാളെ വടയമ്പാടി ദളിത് കോളനിയില്‍ നില്‍പ് സമരവും നടത്തും. അതേ സമയം അറസ്റ്റിലായ ജോയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
