തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്. വിഡി സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
മൂന്നുമാസമായി ട്രഷറിയില്‍ സ്തംഭനമാണെന്നും മൂന്നു ലക്ഷത്തോളം ആളുകളുടെ സാമൂഹ്യ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. പണമിടപാടുകള്‍ നടക്കുന്നില്ല. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം അടക്കമുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പെന്‍ഷനുകളും പോലും മുടങ്ങിക്കിടക്കുകയാണ്. ഇതിനു കാരണം സാമ്ബത്തിക പ്രതിസന്ധിയാണ്.
ധനമന്ത്രി യഥാര്‍ഥ കാര്യങ്ങള്‍ പറയുന്നില്ല. അദ്ദേഹം ഒളിച്ചുകളിക്കുകയാണ്. ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് ജിഎസ്ടിയെ തള്ളപ്പറയുകയുമാണ് ധനമന്ത്രി ചെയ്തത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയുണ്ടായിട്ടും അതിന്റെ ഗൗരവം മനസ്സിലാകാതെ ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, വികസന സ്തംഭനമില്ലെന്നും ധനസ്ഥിതി സംബന്ധിച്ച് കടുത്ത ആശങ്ക വേണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വരവു ചിലവുകള്‍ തമ്മിലുള്ള അന്തരം കൂടിയതാണ് താല്‍കാലികമായുള്ള പ്രതിസന്ധിക്ക് കാരണം എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 22 ശതമാനം ചിലവ് വര്‍ധിച്ചപ്പോള്‍ വരുമാനത്തിലുണ്ടായ വര്‍ധനവ് 7.6 ശതമാനം മാത്രമാണ്. ഇതാണ് പ്രതിന്ധിക്ക് കാരണമായത്. ഇതിനൊപ്പം വായ്പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടി കൊണ്ടുവന്നു. ആ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ പിന്‍വലിച്ചതിനാല്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. ധവളപത്രം ഇറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് ധനമന്ത്രി പ്രതികരിച്ചില്ല.
