കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന ആശങ്ക വേണ്ട: സംശയത്തിന്റെ പേരില്‍ അക്രമം നടത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംശയത്തിന്റെ പേരില്‍ ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടെന്നും, ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്. പട്രോളിംഗ് ശക്തമാക്കാനും, ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവര ശേഖരണത്തിനും നിര്‍ദേശം നല്‍കിയതായും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്നാരോപിച്ച് പൊന്നാനിയില്‍ ആള്‍ക്കൂട്ടം വയോധികനായ യാചകനെ നഗ്‌നനാക്കി കെട്ടിയിട്ടു മര്‍ദിച്ചത്. സ്ഥലത്തെത്തിയ പോലീസുകാര്‍ക്കും നാട്ടുകാരുടെ മര്‍ദനമേറ്റു. തലക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ ആന്ധ്രാ സ്വദേശിയായ വൃദ്ധന്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലാണ്. സംസാരിക്കാനാവാത്ത നിലയിലാണിയാള്‍. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസും എടുത്തിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

Leave a Reply

Your email address will not be published. Required fields are marked *