വാഷിംഗ്ടണ്‍: ശത്രു രാജ്യങ്ങള്‍ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കാന്‍ റഷ്യ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍. യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്‍െറ റിപ്പോര്‍ട്ടനുസരിച്ച് റഷ്യ കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റഷ്യ വികസിപ്പിക്കാനൊരുങ്ങുന്ന ന്യൂക്ലിയര്‍ ടോര്‍പിഡോ അഥവാ ആണവ ആയുധം, കടലിനടിയിലൂടെ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിക്കാനുള്ള കഴിവ് ഉള്ളവയും, അമേരിക്കയുടെ സൈനിക ആസ്ഥാനവും , പല നഗരങ്ങളും ലക്ഷ്യമാക്കാന്‍ കഴിയുന്നതാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ന്യൂക്ലിയര്‍ ടോര്‍പിഡോ റഷ്യ ഇത്തരത്തില്‍ ശത്രു രാജ്യങ്ങള്‍ക്ക് നേരെ ആക്റ്റിവേറ്റ് ചെയ്യുകയാണെങ്കില്‍ വ്യാപകമായ റേഡിയോആക്ടീവ് മലിനീകരണമായിരിക്കും ഫലം. നിലവില്‍ സമകാലിക ജിയോപൊളിറ്റിക്കല്‍ താല്പര്യങ്ങള്ക്ക് വലിയ ഭീഷണിയായി യുണൈറ്റഡ് സ്റ്റേറ്റ്സിനേയും, വടക്കന്‍ അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനെയുമാണ് (നാറ്റോ) റഷ്യ പരിഗണിക്കുന്നത്.
നിലവില്‍ റഷ്യ 2,000 തന്ത്രപ്രധാനമല്ലാത്ത തരത്തിലുള്ള ആണവ ആയുധങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കരുതി വെച്ചിരിക്കുന്ന ആയുധ ശേഖരത്തില്‍ മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍, ഗ്രാവിറ്റി ബോംബ്സ്, മിഡ് റേഞ്ച് ബോംബ് വിമാനം തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കുന്നു.
അതേസമയം, ആണവ നിര്‍വ്യാപനത്തിനുള്ള ഒരു പദ്ധതി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അമേരിക്കയ്ക്ക് ഉണ്ടെന്ന് ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാനഹാന് പറഞ്ഞു. പ്രതിരോധ വകുപ്പ് നടത്തുന്ന ആണവ ആയുധ വികസന പദ്ധതികള്‍ക്കും, നിര്‍വ്യാപനത്തിനും എല്ലാ വിധത്തിലുള്ള പിന്തുണയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്ര്യഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്ക ആണവായുധങ്ങളുടെ പങ്ക് കുറയ്ക്കാനുള്ള ശ്രമം
നടത്തുന്നുണ്ടായിരുവെന്നും, എന്നാല്‍ ചില രാജ്യങ്ങള്‍ ആണവായുധങ്ങളുടെ ശേഖരണത്തില്‍ നിന്ന് പിന്നോട്ട് മാറിയിരുന്നില്ല, ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി അവര്‍ ആണവ ശേഖരത്തെ ഉയര്‍ത്തികാട്ടുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
