ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ ലോക്സഭയില്‍ ബഹളം

ന്യൂഡല്‍ഹി: ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ലോക്സഭയില്‍ തെലുങ്കുദേശം പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എംപിമാരുടെ പ്രതിഷേധം. തെലുങ്കുദേശം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്ബോഴാണ് ആന്ധ്രാ എം.പിമാര്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ആന്ധ്രക്ക് നീതി കിട്ടണമെന്ന് എം.പിമാര്‍ മുദ്രാവാക്യത്തിലൂടെ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഓരോ ദിവസവും രാജ്യം അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. 1947ല്‍ ഇന്ത്യാ വിഭജന കാലത്തും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ധ്രയുടെ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസാണ്. ആന്ധ്ര പ്രദേശിനെ രണ്ടു സംസ്ഥാനങ്ങളായി കോണ്‍ഗ്രസ് വിഭജിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും മോദി ചൂണ്ടിക്കാട്ടി.

ബി.ജെ.പി ഭരണത്തില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വിഭജനം നടന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പരാതിയില്ലാതെ സംസ്ഥാനങ്ങളെ വിഭജിച്ചു. എന്നാല്‍, അന്ധ്രയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *