റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട്; റോയിറ്റേഴ്സ് മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി മ്യാന്‍മര്‍

നായ്പയിടൗ: റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ മാധ്യമ സ്ഥാപനമായ റോയിറ്റേഴ്സിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്തു. മ്യാന്‍മറില്‍ പട്ടാളക്കാരും, ഗ്രാമീണരും ചേര്‍ന്ന് 10 റോഹിങ്ക്യന്‍ പുരുഷന്മാരെ കൊലപ്പെടുത്തിയത് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കാരണത്താലാണ് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്‍തത്.

വാ ലോണ്‍, കവ സോ അഓ എന്നി മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായത്. റാഖൈന്‍ സംസ്ഥാനത്ത് നടന്ന റോഹിങ്ക്യ പ്രതിസന്ധിയെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ സംസ്ഥാന രഹസ്യരേഖകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചുവെന്നാണ് മ്യാന്‍മര്‍ ആരോപിക്കുന്നത്.

മ്യാന്‍മറില്‍ പട്ടാളക്കാര്‍ ഇന്‍ ദിന്‍ ഗ്രാമത്തിലെ ഗ്രാമീണരുടെ സഹായത്തോടെ 10 റോഹിങ്ക്യകളെയും, കൗമാരക്കാരായ ആണ്‍കുട്ടികളെയും തടഞ്ഞു നിര്‍ത്തി സെപ്തംബര്‍ 2ന് വധശിക്ഷ നടപ്പാക്കിയെന്നും, ആഗസ്റ്റ് മുതല്‍ ഏഴരലക്ഷത്തോളം റോഹിങ്ക്യകള്‍ വടക്കന്‍ റഖീനില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം നടത്തിയെന്നും ഇത് ഐക്യരാഷ്ട്ര സഭ വംശീയ ശുദ്ധീകരണം എന്ന് ഉയര്‍ത്തിക്കാട്ടിയ മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടികള്‍ കാരണമാണെന്നും റോയിട്ടേഴ്സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്‍ ദിന്‍ കൂട്ടക്കൊലയെ കുറിച്ച്‌ റോയിട്ടേഴ്സ് അന്വേഷണം നടത്തിയതിനാലാണ് മ്യാന്‍മര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുവാന്‍ റോയിട്ടേഴ്സ് പട്ടാളത്തിന്റെ ക്രൂരതയ്ക്ക് ഇരയായവരുടെ കുടുംബങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവരുടെ അഭിമുഖങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

10 റോഹിങ്ക്യക്കാരുടെ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് മ്യാന്‍മര്‍ സൈന്യം സമ്മതിച്ചിരുന്നു. എന്നാല്‍, അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ ശവകുടീരങ്ങള്‍ കണ്ടെത്തിയെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് മ്യാന്‍മര്‍ ഭരണകൂടം മറുപടി നല്‍കിയിട്ടില്ല.

കൊലചെയ്യപ്പെട്ടവര്‍ റോഹിങ്ക്യന്‍ തീവ്രവാദികളാണെന്നും എന്നാല്‍ റോയിട്ടേഴ്സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അവര്‍ മത്സ്യത്തൊഴിലാളികള്‍, കച്ചവടക്കാര്‍, കൗമാരക്കാരായ രണ്ടു വിദ്യാര്‍ത്ഥികള്‍, ഇസ്ലാമിക അധ്യാപകന്‍ എന്നിങ്ങനെയാണ് നല്കിയിരിക്കുന്നതെന്നും ഇത് തെറ്റാണെന്നും മ്യാന്‍മര്‍ സൈന്യം പറയുന്നു.

അതേസമയം ഞങ്ങള്‍ നല്‍കിയ വാര്‍ത്ത ആഗോളതലത്തില്‍ പ്രാധാന്യമുള്ളതാണ്, അതില്‍ ഒരു തരത്തിലുള്ള കള്ളത്തരങ്ങളും ഇല്ല, ഒരു മാധ്യമ സ്ഥാപനമെന്ന നിലയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ടെന്നും, അതിനാല്‍ ഈ പ്രശ്നത്തില്‍ ഞങ്ങള്‍ ഭയക്കുന്നില്ലെന്നും റോയിട്ടേഴ്സ് പ്രസിഡന്റ് സ്റ്റീഫന്‍ ജെ അഡ്ഡ്ലര്‍ അറിയിച്ചു.

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴരലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. മ്യാന്‍മറിന് ആഗോളതലത്തില്‍ നിന്ന് നേരിടേണ്ടി വന്ന സമ്മര്‍ദം കാരണം നവംബറില്‍ റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതിന് ബംഗ്ലാദേശുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു.

ബംഗ്ലാദേശില്‍ നിന്ന് റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുമ്ബോള്‍ സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളവരെ മാത്രം മടക്കി അയച്ചാല്‍ മതിയെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്. മാത്രമല്ല മ്യാന്‍മറിലെയ്ക്ക് തിരികെ പോകുന്നതിന് റോഹിങ്ക്യന്‍ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം തിരികെ എത്തുന്ന റോഹിങ്ക്യന്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് സുരക്ഷിതമായ സംരക്ഷണമായിരിക്കണമെന്ന് ലോക മനുഷ്യവകാശ സംഘടനകള്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ഈ കാരണത്താല്‍ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് മുന്‍പ് തിരികെ എത്തുന്നവര്‍ക്ക് താത്കാലിക അഭയ കേന്ദ്രങ്ങളാണ് നല്‍കുന്നതെന്നും , അതിനാല്‍ രണ്ട് വര്‍ഷത്തിനുളളില്‍ ഇവരെ പൂര്‍ണമായി സ്വീകരിക്കുമെന്ന് മ്യാന്‍മര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *