മലപ്പുറം : അധികം താമസിയാതെ തന്നെ നിലമ്പൂരിലും ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത. നിരവധി നിയമ ലംഘനങ്ങള്‍ക്ക് പുറമെ കര്‍ണാടകയിലെ ക്രഷറും ഭൂമിയും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും മറച്ചുവെച്ച നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും അണിയറയില്‍ തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെ അരക്കോടിയുടെ ക്രഷര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ മംഗലാപുരം ബല്‍ത്തങ്ങാടിയിലെ ക്രഷറും 1.87 ഏക്കര്‍ ഭൂമിയും സ്വത്ത് വിവരത്തില്‍ നിന്നും മറച്ചുവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെയും കബളിപ്പിച്ചതായി പൊലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 207.84 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതായാണ് അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം വ്യക്തികള്‍ക്ക് പരമാവധി കൈവശം വെക്കാവുന്നത് 15 ഏക്കറാണ്. തോട്ടം ഭൂമിക്ക് മാത്രമാണ് ഇളവുള്ളത്. അന്‍വറിന്റെ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ 207.84 ഏക്കറില്‍ 202.99 ഏക്കറും കാര്‍ഷികേതര ഭൂമിയാണ്. ഇതില്‍ മംഗലാപുരത്തുള്ള ക്രഷറിയുടേയും ഭൂമിയുടെയും വിവരങ്ങളില്ല.
