ന്യൂഡല്‍ഹി: കാവേരി നദീജല കരാര്‍ സംബന്ധിച്ച് സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെ എ.െഎ.എ.ഡി.എം.കെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാവേരി കേസില്‍ എ.െഎ.എ.ഡി.എം.കെ ഒത്തുകളിച്ചുവെന്ന ആരോപണമാണ് ഡി.എം.കെ ഉയര്‍ത്തുന്നത്. അഴിമതിക്കാരാണ് എ.െഎ.എ.ഡി.എം. കെ പാര്‍ട്ടിക്കാരെന്നും ഡി.എം.കെ ആരോപിക്കുന്നു.
തമിഴ്നാടിനെ സംബന്ധിച്ചടുത്തോളം ഞെട്ടിപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് മുതിര്‍ന്ന ഡി.എം.കെ നേതാവ് ദുരൈ മുരുകന് പറഞ്ഞു. തമിഴ്നാട് 192 ഘനയടി വെള്ളമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് നല്കാന് സുപ്രീംകോടതി തയാറായില്ലെന്നും ദുരൈ മുരുകന് വ്യക്തമാക്കി.
കാവേരി നദീ ജലവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട്ടിന് നേരെയുണ്ടായത് നീതി നിഷേധമാണെന്ന് എ.െഎ.എ.ഡി.എം.കെ നേതാവ് വി.മൈത്രേയന് പ്രതികരിച്ചു. പൂര്‍ണമായ വിധി പുറത്ത് വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
