ന്യൂ ഡല്‍ഹി > ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ 2015 ലെ ക്രിസ്മസ് ദിനത്തില്‍ പാകിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു . എന്നാല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പാക് വ്യോമപാത ഉപയോഗിച്ചതിന് ഈടാക്കിയ 1. 49 ലക്ഷം രൂപയുടെ ബില്ലിന്റെ കാര്യം ഇപ്പോളാണ് പുറംലോകമറിഞ്ഞത് .സാമൂഹിക പ്രവര്‍ത്തകനായ ലോകേഷ് ബത്ര എന്നയാള്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റഷ്യ അഫ്ഗാന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങി വരുന്ന വഴിക്കാണ് മോഡി ലാഹോറില്‍ വിമാനമിറങ്ങിയത് . പാക്കിസ്ഥാനിലെത്തിയ മോദിക്ക് പാക് പ്രധാനമന്ത്രി ഉഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്.ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം പാക് ആകാശപാത ഉപയോഗപ്പെടുത്തിയതിന്റെ ഇനത്തിലാണ് പണം ഈടാക്കിയിരുന്നത് .
ഇന്ത്യന്‍ വ്യോമസേനയുടെ ബോയിങ് 737 വിമാനത്തില്‍ വൈകിട്ട് 4 35 നാണു പാകിസ്ഥാനില്‍ എത്തിയത് പിന്നീട് ഹെലിക്കോപ്റ്ററില്‍ ലഹോറിനു പുറത്ത് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വീട്ടിലേക്കും മോദി പോയിരുന്നു. പാക് വ്യോമപാത ഇന്ത്യന്‍ വിമാനം ഉപയോഗിച്ചതിന് 1.49 ലക്ഷം രൂപയാണ് പാക്കിസ്ഥാന്‍ വാങ്ങിയതെന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
ഇതിന് പുറമെ 2016 മേയില്‍ മോദി ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ 77,215 രൂപയും 2016 ജൂണില്‍ ഖത്തര്‍ സന്ദര്‍ശിച്ചതിന് 59,215 രൂപയും പാക്കിസ്ഥാന്‍ ഇന്ത്യയില്‍നിന്ന് ഈടാക്കി. ഈ രണ്ടു യാത്രകള്‍ക്കും പാക്കിസ്ഥാന്റെ വ്യോമ പാത ഇന്ത്യ ഉപയോഗിച്ചിരുന്നു.
2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ വ്യോമസേനയുടെ വിമാനത്തില്‍ മോദി നടത്തിയ യാത്രയുടെ ചെലവ് അന്വേഷിച്ചാണ് ലോകേഷ് ബത്ര വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
