തൃശൂര്‍: വിഎസ് പതാക ഉയര്‍ത്തിയതോടെ ഇരുപത്തിരണ്ടാം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. അതീവഗൗരവകരമായ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മുതിര്‍ന്ന സി പി എം നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന് പറഞ്ഞു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്നാണ് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്, എംഎ ബേബി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 475 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 87 സംസ്ഥാന കമ്മറ്റി അംഗങ്ങളും സംസ്ഥാന കമ്മറ്റിയിലെ നാല് ക്ഷണിതാക്കളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
കണ്ണൂരിലെ ശുഹൈബ് വധവും, നേതാക്കളുടെ മക്കളുടെ സാമ്ബത്തിക ഇടപാടും ആഢംബര ജീവിതവും കെഎം മാണിയുമായി രാഷ്ട്രീയ ബന്ധം ഉണ്ടാക്കാനുള്ള തീരുമാനവും ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കൈക്കൊള്ളേണ്ട ബന്ധം സംബന്ധിച്ച തര്‍ക്കങ്ങളും നിലപാടുകളെല്ലാം സമ്മേളനത്തില്‍ വിമര്‍ശനവിധേയമായി ഉയര്‍ന്നുവന്നേക്കും. ഈ മാസം 25 വരെയാണ് പ്രനിനിധി സമ്മേളനം.
