ഷുഹൈബിനെ കൊല്ലിച്ചത് സി.പി.എമ്മിന്റെ ഉന്നത നേതാവെന്ന് സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത സി.പി.എം നേതാവിന്റെ പങ്ക് കൂടുതല്‍ വ്യക്തമാവുന്നതാണ് ആകാശിന്റെ മൊഴിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ആകാശ് പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുമ്ബോള്‍ ഒരു കാര്യം വ്യക്തമാണ്. ഇയാളെക്കൊണ്ട് സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവാണ് ഇതൊക്കെ പറയിപ്പിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൊലയാളികള്‍ ഇപ്പോഴും ജയിലനകത്തും അകത്തും പുറത്തുമായി സുഖമായി ജീവിക്കുന്നുണ്ടെന്നും ഷുഹൈബിന്റെ യഥാര്‍ത്ഥ ഘാതകരെ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സുധാകരന്‍ പറഞ്ഞു.

പൊലീസിനെ വിശ്വാസമില്ലാത്ത സി.പി.എം, പാര്‍ട്ടി അന്വേഷണത്തില്‍ മാത്രമേ വിശ്വാസമുള്ളൂ എന്ന് പറയുമ്ബോള്‍ അവരുടെ ഫാസിസത്തിന്റെ മറ്റൊരു മുഖമാണ് പ്രകടമാകുന്നത്. കൊല നടന്നയുടന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സമയം അനുവദിച്ച പൊലീസും സംശയത്തിന്റെ നിഴലിലാണെന്ന് സുധാകരന്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള സഹന സമരമാണ് കോണ്‍ഗ്രസും ഞാനും നടത്തുന്നത്. ഇതിനെതിരെ അപവാദ പ്രചാരണം നടത്തുന്ന സി.പി.എം പൊതുസമൂഹത്തില്‍ അപഹാസ്യമാവുകയാണ് ചെയ്യുന്നത്.

പൊലീസ് പിടികൂടിയത് യഥാര്‍ത്ഥ പ്രതികളാണെങ്കില്‍ കൊലക്കുപയോഗിച്ച ആയുധങ്ങള്‍ എവിടെ? കൊലയാളി സംഘം എത്തിയ വാഹനം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞോ? -സുധാകരന്‍ ചോദിച്ചു. കൊല്ലാന്‍ ഉപയോഗിച്ച ആയുധം ഡി.വൈ.എഫ്.ഐ നേതാക്കളെ ഏല്‍പ്പിച്ചു എന്നാണ് പിടിയിലായ ആകാശ് പറയുന്നത്. അങ്ങനെയെങ്കില്‍ ആ നേതാക്കളുടെ പേരും ഇയാള്‍ പറഞ്ഞുകാണില്ലേ? പിന്നെന്തുകൊണ്ട് ആയുധങ്ങള്‍ കൊണ്ടുപോയ നേതാക്കളെ കണ്ടെത്താന്‍ കഴിയുന്നില്ല. ഇതിനെല്ലാം ഉത്തരം പറയേണ്ടത് സി.പി.എമ്മും പൊലീസുമാണ്.

ഞങ്ങളുടെ പ്രവര്‍ത്തകന്‍ കൈകൊണ്ട് അടിച്ച കേസില്‍പോലും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ജയിലിലടച്ച സംഭവമുണ്ടായിരുന്നു. ഈ കേസില്‍ കോടതി റിമാന്‍ഡിലായ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ഇത്ര നീതിബോധമുള്ള പൊലീസ് എന്തുകൊണ്ടാണ് റിമാന്‍ഡില്‍ കിടക്കുന്ന രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാന്‍ മടിക്കുന്നത്. കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷപോലും കോടതിയില്‍ നല്‍കിയിട്ടില്ല. സി.പി.എമ്മും പൊലീസും നടത്തുന്ന കള്ളത്തരങ്ങള്‍ ഓരോന്നും അവര്‍ക്ക് തിരിച്ചടിയാവുകയാണെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *