ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ പിതാവ് വിഷംകൊടുത്ത് കൊന്ന് കത്തിച്ചു

മംഗളൂരു: ദലിത് യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത യുവതിയെ പിതാവ് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി പാടത്ത് ചിതയൊരുക്കി സംസ്കരിച്ചു. എച്ച്‌ഡി കൊട്ട താലൂക്കില്‍ ഗൊള്ളനബീഡു ഗ്രാമത്തിലാണ് സുഷ്മ എന്ന 22കാരി കൊല്ലപ്പെട്ടത്. പിതാവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വൊക്കലിഗ സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. അലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി രണ്ടുവര്‍ഷം മുമ്ബ് സ്ഥാപിച്ച സൗഹൃദം പ്രണയമായി വളര്‍ന്നു. മുതിര്‍ന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷിതാക്കള്‍ സ്വസമുദായത്തിലെ യുവാവിനെ വരനായി കണ്ടെത്തിയെങ്കിലും സുഷ്മ വഴങ്ങിയില്ല.

സ്വന്തംപാടത്ത് കൃഷിപ്പണിയില്‍ വ്യാപൃതരാവുന്ന കുടുംബമായതിനാല്‍ പരിസരവാസികള്‍ക്ക് സംശയം തോന്നിയില്ല.എന്നാല്‍ സുഷ്മയെ കാണാതായതോടെ നാട്ടുകാര്‍ക്ക് സംശയമായി. ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. കൊലപാതകമാണെന്ന് മനസ്സിലാക്കിയ ഒരു കോണ്‍സ്റ്റബിള്‍ ഉന്നത പൊലീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്ന് മൈസൂറു അഡീ.എസ്.പി.രുദ്രമുനി പറഞ്ഞു. സ്വമേധയ കേസെടുത്ത പൊലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞമാസം 22നാണ് കൃത്യം നടത്തിയതെന്ന് മൊഴിനല്‍കി. സംസ്കരിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *