ഷില്ലോംഗ്: മേഘാലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച് ശനിയാഴ്ച രാത്രി ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദമുന്നയിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്കാണ് അവകാശവാദവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടത്. മറ്റു കക്ഷികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും, കോണ്‍ഗ്രസിനു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും അദേഹം വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ പാര്‍ട്ടികളുടെ പിന്തുണയാണ് കോണ്‍ഗ്രസിന് ഉള്ളതെന്ന് അദേഹം വെളിപ്പെടുത്തിയിട്ടില്ല.
സര്‍ക്കാരുണ്ടാക്കാന്‍ 31 സീറ്റ് വേണ്ട മേഘാലയില്‍ 21 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്ഷിയാണ്. കഴിഞ്ഞവര്‍ഷം നേടിയ 28 സീറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് 21 ലേയ്ക്ക് എത്തിയത്.
അതേസമയം, പ്രാദേശിക പാര്‍ട്ടികളെ ഒപ്പംകൂട്ടി ഭരണം പിടിക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. ഗോവയില്‍ ഭരണം പിടിച്ചതു പോലെയുള്ള നീക്കങ്ങളിലാണ് ബിജെപി. അന്തരിച്ച പി.എ. സാംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ കൂട്ടുപിടിക്കാനാണു ബിജെപി ശ്രമം. 19 സീറ്റുനേടിയ എന്‍പിപിയെ കൂട്ടുപിടിച്ചാല്‍ രണ്ടു സീറ്റ് നേടിയ ബിജെപിക്കും ഭരണം ഏകദേശം ഉറപ്പിക്കാം. 6 സീറ്റുള്ള യുഡിപിയും രണ്ട് സീറ്റുള്ള എച്ച്എസ്പിഡിപിയും ബിജെപിയെ പിന്തുണയ്ക്കുമെന്നാണു സൂചന.
മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലിനെയും കമല്‍നാഥിനെയും മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി നിയോഗിച്ചിരുന്നു. ശനിയാഴ്ച തന്നെ ഇരുനേതാക്കളും ഷില്ലോംഗിലെത്തി. കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, കിരണ്‍ റിജിജു എന്നിവരാണു ബിജെപിക്കായി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ഇരു പാര്‍ട്ടികളും.
