സിപിഐ കണ്‍ട്രോള്‍ കമ്മീഷനില്‍ അഴിച്ചുപണി; ചെയര്‍മാനെയും കണ്‍വീനറെയും മാറ്റി

മലപ്പുറം: സിപിഐ കണ്‍ട്രോള്‍ കമ്മീഷനില്‍ അഴിച്ചുപണി. കമ്മീഷന്‍ ചെയര്‍മാന്‍ വെളിയം രാജനെയും കണ്‍വീനര്‍ എ. കെ ചന്ദ്രനെയും സ്ഥാനത്തുനിന്ന് മാറ്റിയാണ് കമ്മീഷന്‍ പുനഃസംഘടിപ്പിച്ചത്.

കെ. ഇസ്മയിലിനെതിരായി കണ്‍ട്രോള്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുകയും വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മീഷന്‍ അംഗങ്ങളെ സ്ഥാനത്തുനിന്നും നീക്കിയ നടപടി ശ്രദ്ധേയമാകുന്നത്. വെളിയം രാജന്‍ പ്രായാധിക്യം ചൂണ്ടിക്കാട്ടി സ്വയം ഒഴിവാകുകയാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

പുനഃസംഘടനയുടെ ഭാഗമായി വാഴൂര്‍ സോമനെയും എം പി അച്യുതനെയും സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. സംസ്ഥാന ക്വാട്ടയില്‍ ഉള്‍പ്പെടാതിരുന്ന അച്യുതന് ജില്ലാ ക്വാട്ടയിലും ഇടം കിട്ടിയില്ല. ഇഎസ് ബിജിമോള്‍ വീണ്ടും സംസ്ഥാന കൗണ്‍സിലില്‍ എത്തി.

സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ, കൊല്ലം ജില്ലാ കമ്മിറ്റികളില്‍ രൂക്ഷ തര്‍ക്കം നടന്നു. രണ്ടിടത്തും സമവായത്തിലൂടെ തിരഞ്ഞെടുപ്പ് ഒഴിവായി. എന്നാല്‍ എറണാകുളത്ത് മത്സരം നടന്നു. ഔദ്യോഗിക പാനലിനെതിരെ കെ.എന്‍ ദിനകരനും വി കെ ശിവനും മത്സരിച്ചെങ്കിലും ഇരുവരും പരാജയപ്പെട്ടു.

നേരത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് സി ദിവാകരന്‍ വ്യക്തമാക്കിയിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ട് ഇസ്മായില്‍ പക്ഷം ദിവാകരനെ സമീപിച്ചെങ്കിലും പാര്‍ട്ടി ഐക്യത്തിനാണ് പ്രാധാന്യമെന്ന് ദിവാകരന്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.

മലപ്പുറത്ത് നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്ന്. പുതിയ സംസ്ഥാന കൗണ്‍സിലിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *